ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ പടുകൂറ്റന്‍ ആദ്യ ഇന്നിങ്‌സ് സ്‌കോറുമായി മുംബൈ. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ 536 റണ്‍സിന് ഒമ്പത് വിക്കറ്റ് എന്ന നിലയിലാണ് മുംബൈ ബാറ്റിങ് തുടരുന്നത്. സൂപ്പര്‍ താരം സര്‍ഫറാസ് ഖാന്റെ ഇരട്ട സെഞ്ച്വറി കരുത്തിലാണ് മുംബൈ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നത്.
276 പന്ത് നേരിട്ട് 221 റണ്‍സുമായാണ് സര്‍ഫറാസ് ക്രീസില്‍ തുടരുന്നത്. 25 ഫോറും നാല് സിക്‌സറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്.
ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ തന്റെ 15ാം സെഞ്ച്വറി നേട്ടമാണ് താരം ലഖ്‌നൗവിലെ എകാന സ്‌റ്റേഡിയത്തില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ കുറിച്ചത്. ശേഷം ആ സെഞ്ച്വറി ഇരട്ട സെഞ്ച്വറിയിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുകയും ചെയ്തു. അര്‍ധ സെഞ്ച്വറികള്‍ സെഞ്ച്വറിയിലേക്കും സെഞ്ച്വറികള്‍ ഇരട്ട സെഞ്ച്വറിയിലേക്കും കൊണ്ടെത്തിക്കുന്ന സര്‍ഫറാസിന്റെ അപാരമായ കണ്‍വേര്‍ഷന്‍ റേറ്റിന്റെ പുതിയ അധ്യായമാണ് ലഖ്‌നൗവില്‍ കണ്ടത്.
ഇതിനൊപ്പം മറ്റൊരു തകര്‍പ്പന്‍ നേട്ടവും സര്‍ഫറാസ് സ്വന്തമാക്കി. ഇറാനി കപ്പില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ മുംബൈ താരമെന്ന നേട്ടമാണ് സര്‍ഫറാസ് സ്വന്തമാക്കിയത്. 1972ല്‍ രാംനാഥ് പാര്‍കര്‍ നേടിയ 195 റണ്‍സാണ് ഇതുവരെ മുംബൈയുടെ റെക്കോഡ് ബുക്കില്‍ ഇടം നേടിയത്.
ഇതിനൊപ്പം ഇറാനി കപ്പ് ചരിത്രത്തിലെ 11ാം ഡബിള്‍ സെഞ്ചൂറിയനെന്ന നേട്ടവും സര്‍ഫറാസ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു.
ഇറാനി കപ്പിലെ ഏറ്റവുമുയര്‍ന്ന വ്യക്തഗിത സ്‌കോര്‍ എന്ന നേട്ടവും സര്‍ഫറാസിന് മുമ്പിലുണ്ട്. മത്സരം രണ്ട് ദിവസം പൂര്‍ത്തിയാവുകയും ഒരു വിക്കറ്റ് മാത്രം ശേഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ താരത്തിന് ആ നേട്ടത്തിലെത്താന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇറാനി കപ്പിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍
(റണ്‍സ് – താരം – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
286 – വസീം ജാഫര്‍ – വിദര്‍ഭ – റെസ്റ്റ് ഓഫ് ഇന്ത്യ – 2019
266 – മുരളി വിജയ് – റെസ്റ്റ് ഓഫ് ഇന്ത്യ – രാജസ്ഥാന്‍ – 2012
246 – പ്രവീണ്‍ ആമ്രേ – റെസ്റ്റ് ഓഫ് ഇന്ത്യ – ബംഗാള്‍ – 1990
235* – സൂരീന്ദര്‍ അമര്‍നാഥ് – ദല്‍ഹി – റെസ്റ്റ് ഓഫ് ഇന്ത്യ – 1980
അതേസമയം, സര്‍ഫറാസിന് പുറമെ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ, തനുഷ് കോട്ടിയന്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഇന്നിങ്‌സിനും ടീമിന് തുണയായി. മൂന്ന് റണ്‍സിന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടപ്പെട്ട മുംബൈ ക്യാപ്റ്റന്‍ പലതും പറയാതെ പറയുന്നുണ്ട്.
234 പന്ത് നേരിട്ട് 94 റണ്‍സാണ് രഹാനെ സ്വന്തമാക്കിയത്. ഏഴ് ഫോറും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 124 പന്തില്‍ 64 റണ്‍സാണ് കോട്ടിയന്റെ സമ്പാദ്യം. 84 പന്തില്‍ 57 റണ്‍സാണ് അയ്യര്‍ ടോട്ടലിലേക്ക് സംഭാവന നല്‍കിയത്.
ഇതുവരെ നാല് വിക്കറ്റ് നേടിയ മുകേഷ് കുമാറാണ് റെസ്റ്റ് ഓഫ് ഇന്ത്യക്കായി മികച്ച രീതിയില്‍ പന്തെറിയുന്നത്. രണ്ട് വിക്കറ്റ് വീതം നേടിയ യാഷ് ദയാലും പ്രസിദ്ധ് കൃഷ്ണയും മോശമല്ലാത്ത പ്രകടനം പുറത്തെടുക്കുന്നുണ്ട്. സാരാംശ് ജെയ്‌നാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.
Content Highlight: Irani Cup: Sarfaraz Khan scored double century against Rest Of India