ചെന്നൈ: ‘ഇരണ്ടാം ഉലക്‌പോറിന്‍ കടൈസി ഗുണ്ട്’ കരിയറിലെ പ്രധാനപ്പെട്ട സിനിമയാണെന്ന് ദിനേശ് രവി (അട്ടക്കത്തി ദിനേശ്). നീലം പ്രാഡക്ഷന്റെ ബാനറില്‍ പാ രഞ്ജിത്ത് നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് അതിയാന്‍ അതിരൈയാണ്.
ലോറി ഡ്രൈവറുടെ റോളിലാണ് ദിനേശ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചു.
‘ലോകത്തില്‍ എല്ലായിടത്തും നടക്കാന്‍ സാധ്യതയുള്ള ഒരു കഥയാണിത്. ആഗോള രാഷ്ട്രീയമാണ് സിനിമ സംസാരിക്കുന്നത്. അതേസമയം ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കുന്നതുമാണ്. വടക്കന്‍ തമിഴ്‌നാട്ടിലെ ലോറി ഡ്രൈവറുടെ വേഷം വ്യത്യസ്ത അനുഭവമാണ് സമ്മാനിച്ചത്’- ദിനേശ് പറയുന്നു.
മലയാളം, തെലുങ്ക് സിനിമകള്‍ കൂടി ചെയ്യാന്‍ ആഗ്രഹമുണ്ടെന്നും കഥകള്‍ കേട്ട് താല്‍പ്പര്യമുള്ളവ ചെയ്യുമെന്നും ദിനേശ് പറഞ്ഞു.
പാ രഞ്ജിത്തിന്റെ ആദ്യ സിനിമയായ അട്ടക്കത്തിയിലെ നായകന്‍ ദിനേശാണ്. സിനിമയിലെ പ്രകടനത്തിന് നിരൂപക പ്രശംസ പിടിച്ചു പറ്റുകയും മികച്ച നടനുള്ള അവാര്‍ഡുകള്‍ക്ക് നിര്‍ദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
കുക്കൂ, വിസാരണൈ തുടങ്ങിയ സിനിമകള്‍ ദിനേശിന്റെ കരിയറിലെ മികച്ച പെര്‍ഫോമന്‍സുകളാണ്.