| Saturday, 5th September 2015, 4:23 pm

ഇറാനെ ആണവായുധമുക്തമാക്കും; സൗദി രാജാവിന് ഒബാമയുടെ ഉറപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


വാഷിങ്ടണ്‍: ഇറാനെ ആണവായുധ വിമുക്ത രാജ്യമാക്കാന്‍ തങ്ങള്‍ സഹകരിക്കുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് യു.എസ് പ്രസിഡന്റ് ബറാക് ഒബാമയുടെ ഉറപ്പ്. സല്‍മാന്‍ രാജാവിന്റെ യു.എസ് സന്ദര്‍ശനത്തിന്റ ഭാഗമായി വൈറ്റ് ഹൗസില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്കു മുന്നോടിയായാണ് ഒബാമ ഇതുസംബന്ധിച്ച് സൗദി രാജാവിന് ഉറപ്പു നല്‍കിയത്. ഗള്‍ഫ് മേഖലയിലെ പ്രധാന പ്രശ്‌നങ്ങളിലൊന്നായാണ് ഒബാമ ഇറാന്‍ വിഷയം ചര്‍ച്ചയ്‌ക്കെടുക്കുന്നത്.

“മേഖലയിലെ സന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇറാന്റെ കൈവശം ആണവായുധമില്ലാതാക്കാനുള്ള നടപടികള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും.” ഒബാമ പറഞ്ഞു.
ലോകമെങ്ങും, പ്രത്യേകിച്ച് മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. യെമനില്‍ സ്ഥിരം സര്‍ക്കാരിനെ രൂപീകരിക്കാനുള്ള പദ്ധതിയും ചര്‍ച്ചയിലുള്‍പ്പെടുത്തും. സിറിയയിലെ ആഭ്യന്തരപ്രശ്‌നങ്ങളും ചര്‍ച്ചാവിഷയമാകും.

2015 ജനുവരിയില്‍ സൗദി ഭരണാധികാരിയായി സ്ഥാനമേറ്റശേഷം ആദ്യമായാണ് സല്‍മാന്‍ രാജാവ് അമേരിക്ക സന്ദര്‍ശിക്കുന്നത്. ഒബാമയും താനും അടുത്ത സുഹൃത്തുക്കളാണെന്നും 1945ല്‍ സൗദി ഭരണാധികാരിയിരുന്ന അബ്ദുള്‍ അസീസ് രാജാവ് അമേരിക്കന്‍ പ്രസിഡന്റായിരുന്നു ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റിനെ സന്ദര്‍ശിച്ചതു മുതലുള്ള ബന്ധമാണ് ഇരു രാജ്യങ്ങളും തമ്മിലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തങ്ങളുടെ ബന്ധം ലോകത്തിനാകെ ഗുണകരമായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

We use cookies to give you the best possible experience. Learn more