നാലു പതിറ്റാണ്ടിനിടെ ഇറാനിലെ സ്ത്രീകള്‍ ആദ്യമായി ഫുട്ബോള്‍ ആവേശം നേരിട്ടുകണ്ടു. ഫിഫയുടെ ഇടപെടലിനെ തുടര്‍ന്ന്. സ്ത്രീകള്‍ക്കും ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ പ്രവേശനം ലഭ്യമാക്കണമെന്ന് ഫിഫ നിര്‍ദ്ദേശിച്ചപ്പോള്‍ ഇറാന്‍ വനിതകള്‍ ആചാരം പറഞ്ഞ് മാറി നില്‍ക്കുകയായിരുന്നില്ല.
3500 ഓളം വരുന്ന സ്ത്രീകള്‍ മുഖത്ത് ചായം തേച്ച് ദേശീയ പതാകയേന്തി വുവുസേല മുഴക്കി സ്വന്തം ടീമിനായി ആസാദി സ്റ്റേഡിയത്തില്‍ ആര്‍ത്തുവിളിക്കുകയായിരുന്നു. അവരെ തടയാനോ തലയില്‍ തേങ്ങയുടക്കാനോ സ്റ്റേഡിയത്തില്‍ ആരും കാവല്‍ നിന്നില്ല.
മതയാഥാസ്ഥിതിക രാഷ്ട്രമായ ഇറാനില്‍ കേവലം ഒരു കായിക ഇനം കാണുന്നതിന് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കിയത് ഇറാന്‍ ജനത ആഘോഷിച്ചത് ഇങ്ങനെയാണ്.
അതേസമയം കേരളത്തില്‍ വന്ന ഒരു സുപ്രീംകോടതി വിധി ഓര്‍മ്മയില്ലേ…ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി വന്നപ്പോള്‍ പുരോഗമന കേരളത്തില്‍ എന്താണ് സംഭവിച്ചത്.
കലാപം ലക്ഷ്യമിട്ട് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംഘര്‍ഷങ്ങള്‍ അരങ്ങേറി. രക്തം വീഴ്ത്താന്‍ ആചാര സംരക്ഷകരെന്ന് പറയുന്നവര്‍ തന്നെ മുന്നിട്ടിറങ്ങി. ഭക്തയുടെ തലയില്‍ തേങ്ങ എറിഞ്ഞുടയ്ക്കാന്‍ ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരേയും പൊലീസിനേയും ആക്രമിച്ചു.
ഒരു നാട് എങ്ങനെയൊക്കെയാണ് പരിഷ്‌കരിക്കപ്പെടുന്നത് എന്നതല്ല, പരിഷ്‌കാരങ്ങളോട് ആ നാട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ചോദ്യം. അങ്ങനെ നോക്കുമ്പോള്‍ 2019 ഒക്ടോബര്‍ 10 ന് ഇറാന്‍ എന്ന രാജ്യം ലോകത്തോട് വിളിച്ചുപറയുന്നത് മാറ്റങ്ങളെ ഉള്‍ക്കൊള്ളൂ, അതിനെ ആഘോഷമാക്കൂ എന്നാണ്.
2018 സെപ്തംബര്‍ 28 മുതല്‍ കേരളം ലോകത്തോട് പറഞ്ഞതെന്താണെന്ന് മാന്യ പ്രേക്ഷകരാണ് പറയേണ്ടത്.