ഇസ്രഈല്‍ നിലനില്‍പ്പിന് ഭീഷണിയായാല്‍ ആണവ നയങ്ങളില്‍ മാറ്റം വരുത്തും; മുന്നറിയിപ്പുമായി ഇറാന്‍
World News
ഇസ്രഈല്‍ നിലനില്‍പ്പിന് ഭീഷണിയായാല്‍ ആണവ നയങ്ങളില്‍ മാറ്റം വരുത്തും; മുന്നറിയിപ്പുമായി ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 12th May 2024, 6:23 pm

ടെഹ്റാന്‍: ഇസ്രഈലിന് മുന്നറിയിപ്പുമായി ഇറാന്‍. തങ്ങളുടെ നിലനില്‍പ്പിന് ഇസ്രഈല്‍ ഒരു ഭീഷണിയായാല്‍ ആണവ നയങ്ങളില്‍ മാറ്റം വരുത്തുമെന്ന് നെതന്യാഹു സര്‍ക്കാരിന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

ഇറാന്റെ പരമോന്നത നേതാവും മുന്‍ പ്രസിഡന്റുമായ ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ് കമാല്‍ ഖരാസിയാണ് ഇക്കാര്യം അറിയിച്ചത്.

‘അണുബോംബ് നിര്‍മിക്കാന്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല. എന്നാല്‍ ഇറാന്റെ നിലനില്‍പ്പിന് ഭീഷണിയുണ്ടെങ്കില്‍ ഞങ്ങളുടെ സൈനിക സിദ്ധാന്തം മാറ്റുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല,’ എന്നാണ് കമാല്‍ ഖരാസി പറഞ്ഞത്. ഇസ്രഈലുമായുള്ള സംഘര്‍ഷം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് ഖരാസിയുടെ മുന്നറിയിപ്പ്.

സയണിസ്റ്റ് ഭരണകൂടം തങ്ങളുടെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയാല്‍ ഇറാന്റെ പ്രതിരോധ രീതി മാറുമെന്നും ഖരാസി വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ രാജ്യാന്തര ആണവ ഏജന്‍സി പ്രതിനിധികളും ഇറാനിലെ ആണവായുധ ഉദ്യോഗസ്ഥരും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്. എന്നാല്‍ ചര്‍ച്ചയില്‍ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഐ.എ.ഇ.എ അറിയിച്ചു.

അതേസമയം പ്രസിഡന്റ് പദവി വഹിച്ചിരുന്ന സമയത്ത് ആണവായുധങ്ങള്‍ നിര്‍മിക്കുന്നതില്‍ ആയത്തുള്ള അലി ഖമേനി നിയന്ത്രണം ഏര്‍പ്പെടുത്തിയുരുന്നു. എന്നാല്‍ അന്നത്തെ ഇന്റലിജന്‍സ് മന്ത്രി 2021ല്‍, ബാഹ്യ സമ്മര്‍ദങ്ങള്‍, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ളവ ഇറാന്റെ ആണവ നിലയങ്ങള്‍ പുനര്‍നിര്‍മിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Iran warns Netanyahu government to change nuclear policies if Israel becomes existential threat