ടെഹ്റാന്‍: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയയുടെ കൊലപാതകത്തില്‍ ഇസ്രഈലിന് ഇറാന്റെ മുന്നറിയിപ്പ്. ഹനിയയുടെ മരണത്തില്‍ ഇസ്രഈലിനെ ശിക്ഷിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഇറാന്‍ അറിയിച്ചു. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനിയുടേതാണ് മുന്നറിയിപ്പ്.
‘ധീരനായ ഫലസ്തീന്‍ നേതാവ് ഇസ്മായില്‍ ഹനിയ അന്തരിച്ചു. അദ്ദേഹത്തിന്റെ മരണത്തില്‍ മഹത്തായ പ്രതിരോധ മുന്നണി ദുഃഖത്തിലാണ്. ക്രിമിനലും ഭീകരരുമായ സയണിസ്റ്റ് ഭരണകൂടം ഞങ്ങളുടെ അതിഥിയെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തി. ഈ നടപടി ശക്തമായ പ്രതികാരത്തിന് കളമൊരുക്കിയിരിക്കുകയാണ്,’ എന്നാണ് ഖമേനി പറഞ്ഞത്.
രക്തസാക്ഷിത്വത്തെ അദ്ദേഹം ധീരതയോടെയാണ് നേരിട്ടതെന്നും ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ മണ്ണില്‍ സംഭവിച്ച ഈ ക്രൂരകൃത്യത്തിന് പ്രതികാരം ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്നുമാണ് ആയത്തുല്ല ഖമേനി പറഞ്ഞത്. ഹനിയയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രഈലാണെന്ന് ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് ആരോപിച്ചിരുന്നു.
യെമനിലെ ഹൂത്തി വിമതസംഘവും ജോര്‍ദാന്‍, തുര്‍ക്കി, ചൈന അടക്കമുളള രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാരും ഹനിയയുടെ മരണത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ആക്രമണം ഭീകരമായ കുറ്റകൃത്യമാണെന്നായിരുന്നു പ്രതികരണം. എന്നാല്‍ ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
അതേസമയം ഇത് ആദ്യമായല്ല ഹമാസ് നേതാക്കളും അവരുടെ കുടുംബാംഗങ്ങളും സൈനിക ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. കഴിഞ്ഞ ഏപ്രിലിലാണ് ഹനിയയുടെ മക്കളും ചെറുമക്കളും കൊല്ലപ്പെട്ടത്. ഇസ്രഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. ഹനിയയുടെ അഞ്ച് ചെറുമക്കളെയാണ് ഇസ്രഈല്‍ ആദ്യം കൊലപ്പെടുത്തിയത്. പിന്നാലെ അദ്ദേഹത്തിന്റെ മൂന്ന് മക്കളെയും ഇസ്രഈല്‍ കൊലപ്പെടുത്തി.
എന്നാല്‍ കുടുംബാംഗങ്ങളുടെ മരണത്തെ തുടര്‍ന്നും ഒരു അധിനിവേശ ശക്തിക്കും ഹനിയയെ പിടിച്ചടക്കാന്‍ കഴിഞ്ഞില്ല. തന്റെ കുടുംബത്തിന്റെ രക്തസാക്ഷിത്വത്തെക്കാള്‍ വലുത് ഫലസ്തീന്‍ ജനതയുടെ ജീവനും സ്വാതന്ത്ര്യവുമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇപ്പോള്‍ ഹനിയയുടെ മരണത്തെ തുടര്‍ന്ന് തന്റെ പിതാവിന്റെ ലക്ഷ്യം നിറവേറ്റാന്‍ എന്തും ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹത്തിന്റെ മകന്‍ അബ്ദുല്‍ സലാം ഹനിയ.
Content Highlight: Iran warns Israel over killing of Hamas leader Ismail Haniyeh