| Thursday, 11th January 2024, 6:51 pm

ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസിൽ യു.എസിന്റെ സമ്മർദത്തിന് വഴങ്ങരുത്; അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ഇറാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാൻ: ഇസ്രഈലിനെതിരെ ദക്ഷിണാഫ്രിക്ക ഫയൽ ചെയ്ത കേസ് പക്ഷപാതമില്ലാതെ പരിഗണിക്കണമെന്നും യു.എസിന്റെ സമ്മർദത്തിന് വഴങ്ങരുതെന്നും അന്താരാഷ്ട്ര നീതിന്യായ കോടതിയോട് ഇറാൻ.

‘ദക്ഷിണാഫ്രിക്കയും മറ്റ് സർക്കാരുകളും സയണിസ്റ്റ് ഭരണകൂടത്തിനെതിരെ ഗസയിലെ ജനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ സംബന്ധിച്ച് നൽകിയ പരാതി അന്താരാഷ്ട്ര നീതിന്യായ കോടതി പക്ഷപാതമില്ലാതെ അന്വേഷിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു.

യു.എസിന്റെ രാഷ്ട്രീയ സമ്മർദങ്ങൾക്ക് വഴങ്ങരുത്,’ ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് നാസർ കനാനി പറഞ്ഞു.

ഗസയിലെ യുദ്ധമുഖത്ത് പരാജയം നേരിട്ട ഇസ്രഈലും യു.എസും രാഷ്ട്രീയ, മാധ്യമ മേഖലകളിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹമാസിന്റെ അൽ അഖ്സ സ്റ്റോം ഓപ്പറേഷന്റെ (ഒക്ടോബർ ഏഴിന് ഇസ്രഈലിൽ ഹമാസ് നടത്തിയ തിരിച്ചടി) പ്രധാന നേട്ടം, ഇസ്രഈലിന് അനുകൂലമായി ആഗോള തലത്തിൽ വ്യാജ വാർത്തകൾ പടച്ച ഇസ്രഈൽ – യു.എസ് മാധ്യമ കുത്തക തകർന്നു എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സത്യം പുറത്തു വരുമോ എന്ന ഇസ്രഈലിന്റെ ഭയം മൂലമാണ് കഴിഞ്ഞ 100 ദിവസത്തിനിടയിൽ ഗസയിലെ 110ലധികം മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയത് എന്നും നാസർ കനാനി പറഞ്ഞു.

ഗസയിലെ ഇസ്രഈൽ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഫയൽ ചെയ്ത കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.

Content Highlight: Iran urges ICJ not to give in to US pressures, treat charges against Israel impartially

Latest Stories

We use cookies to give you the best possible experience. Learn more