| Wednesday, 8th June 2022, 9:53 pm

സമ്മര്‍ദ്ദ തന്ത്രവുമായി ഇറാന്‍; ആണവനിരീക്ഷണത്തിന് യു.എന്‍ സ്ഥാപിച്ച രണ്ട് ക്യാമറകള്‍ ഓഫ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ആണവനിരീക്ഷണത്തിനായി ഐക്യരാഷ്ട്ര സഭ സ്ഥാപിച്ച രണ്ട് നിരീക്ഷണ ക്യാമറകള്‍ ഓഫ് ചെയ്ത് ഇറാന്‍. ആണവ നിലയങ്ങളും മറ്റും നിരീക്ഷിക്കുന്നതിനായി യു.എന്‍ സ്ഥാപിച്ച ക്യാമറകളില്‍ രണ്ടെണ്ണമാണ് ഇറാന്‍ ഓഫ് ചെയ്തതെന്ന് സ്‌റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏത് സ്ഥലത്തെ നിരീക്ഷിക്കാനുള്ള ക്യാമറയാണ് ഓഫ് ചെയ്തതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നില്ല. ഇന്റര്‍ നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ (ഐ.എ.ഇ.എ) യോഗത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഇറാനെ വിമര്‍ശിക്കാതിരിക്കാനുള്ള സമ്മര്‍ദ്ദ തന്ത്രമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

ഓലെം (OLEM) എന്‍ റിച്ച്‌മെന്റ്‌ ലെവലുകളെയും ഫ്‌ളോമീറ്ററുകളേയും നിരീക്ഷിക്കുന്നതിലായി സ്ഥാപിച്ച ക്യാമറകളാണ് ഓഫ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐ.എ.ഇ.എയുടെ എന്‍ റിച്ച്‌മെന്റ്‌  പൈപ്പിംഗുകളിലൂടെ യുറേനിയം എന്‍ റിച്ച്‌മെന്റ്‌ നിരീക്ഷിക്കുന്ന ഐ.എ.ഇ.എയുടെ ക്യാമറകളെയാണ് ഇത് സൂചിപ്പിക്കുന്നത്.

ഇതിനോടകം തന്നെ ഇറാന്‍ ഫോര്‍ഡോയിലെയും നാതാന്‍സിലെയും തങ്ങളുടെ ഭൂഗര്‍ഭ ആണവ സൈറ്റുകളെല്ലാം തന്നെ സമ്പുഷ്ടമാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വിയന്ന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.എ.ഇ.എ ഇറാന്റെ നീക്കത്തെ അംഗീകരിച്ചിട്ടില്ല. വിഷയത്തോട് പ്രതികരിക്കാനും ഐ.എ.ഇ.എ അധികൃതര്‍ തയ്യാറായിട്ടില്ല.

2015ല്‍ ഇറാനും ലോകരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ഉടമ്പടി പ്രകാരം ഇറാന് മേല്‍ ചുമത്തിയ സാമ്പത്തിക ഉപരോധം നീക്കുന്നതിനായി യുറേനിയം സമാഹരിക്കുന്നത് ഗണ്യമായി കുറയ്ക്കാനാവശ്യപ്പെട്ടിരുന്നു.

എന്നാല്‍ 2018ല്‍, അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏകപക്ഷീയമായി ഉടമ്പടിയില്‍ നിന്നും പിന്‍മാറുകയായിരുന്നു. മിഡില്‍ ഈസ്റ്റിലടക്കം ഉടലെടുത്ത പിരിമുറുക്കങ്ങള്‍ക്കും നിരന്തരമായ ആക്രമണ പരമ്പരകള്‍ക്കും അമേരിക്കയുടെ പിന്മാറ്റം വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെ 2015 ഉടമ്പടിയിലെ എല്ലാ വ്യവസ്ഥകളും തെറ്റിക്കുന്ന തരത്തിലായിരുന്നു ഇറാന്റെ നീക്കം. 60 ശതമാനം ശുദ്ധമായ യുറേനിയമാണ് ഇറാന്‍ ഇപ്പോള്‍ തങ്ങളുടെ നിലയങ്ങളില്‍ സമാഹരിച്ചുകൊണ്ടിരിക്കുന്നത്. ആണവായുധങ്ങളുണ്ടാക്കുന്നതിനായി ഉപയോഗിക്കുന്ന തരത്തില്‍ നിന്നും (90 %) ഒരു ഗ്രേഡ് മാത്രം കുറവാണിത്.

ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രമെന്ന നിലയിലാണ് 2021 ഫെബ്രുവരി മുതലുള്ള ഐ.എ.ഇ.എ നിരീക്ഷണ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇറാന്‍ കൈവശം വെച്ചിരിക്കുന്നത്.

കരാര്‍ പുനരാരംഭിക്കുന്നതിന് ഇറാനും പശ്ചിമേഷ്യയും തമ്മില്‍ മാര്‍ച്ചില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.

Content Highlight: Iran turns off 2 of UN nuclear watchdog’s cameras

We use cookies to give you the best possible experience. Learn more