നിര്‍ബന്ധിത ഹിജാബ് നിയമം പുനപരിശോധിക്കുമെന്ന് ഇറാന്‍ സര്‍ക്കാര്‍; മാറ്റമോ അതോ തന്ത്രമോ ?
World News
നിര്‍ബന്ധിത ഹിജാബ് നിയമം പുനപരിശോധിക്കുമെന്ന് ഇറാന്‍ സര്‍ക്കാര്‍; മാറ്റമോ അതോ തന്ത്രമോ ?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd December 2022, 11:40 pm

ടെഹ്‌റാന്‍: രണ്ട് മാസമായി തുടരുന്ന ഇറാനിയന്‍ ജനതയുടെ പ്രതിഷേധത്തിനൊടുവില്‍ നിര്‍ബന്ധിത ഹിജാബ് നിയമം പുനപരിശോധിക്കാന്‍ തീരുമാനിച്ച് ഇറാന്‍ സര്‍ക്കാര്‍. പാര്‍ലമെന്റും സുപ്രീം കൗണ്‍സില്‍ ഓഫ് ദ കള്‍ച്ചറല്‍ റെവല്യൂഷനും നിയമത്തില്‍ രാജ്യത്തിന്റെ നിലപാട് പുനപരിശോധിക്കുമെന്നാണ് അറ്റോര്‍ണി ജനറല്‍ മുഹമ്മദ് ജവാദ് മോണ്ടസേരി അറിയിച്ചത്. രണ്ടാഴ്ചക്ക് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

അതേസമയം ഹിജാഹ് സംബന്ധിക്കുന്ന കാര്യത്തില്‍ വളരെ ശ്രദ്ധയോടെയുള്ള സമീപനമാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും മുഹമ്മദ് ജവാദ് പറഞ്ഞതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിജാബ് നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ടുകൊണ്ട് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്നും ഉയരുന്ന ആവശ്യങ്ങളെ കുറിച്ച് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് ഇറാനിയന്‍ പ്രസിഡന്റിന്റെ കമ്യൂണിക്കേഷന്‍ ടീം സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ എ.ആര്‍.എന്‍.എക്ക് നല്‍കിയ പ്രതികരണത്തിലും പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ഇത്.

ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ മാറിചിന്തിക്കാന്‍ തയ്യാറാകുന്നതിന്റെ സൂചനകളായാണ് ഈ നടപടികള്‍ വിലയിരുത്തപ്പെടുന്നത്. അതേസമയം മുഹമ്മദ് ജവാദിന്റെ പ്രസ്താവന രാജ്യത്ത് രണ്ട് മാസമായി തുടരുന്ന ജനകീയ പ്രതിഷേധത്തെ ഒതുക്കാനുള്ള തന്ത്രമാണെന്നും നിരീക്ഷണങ്ങള്‍ ഉയരുന്നുണ്ട്.

മഹ്‌സ അമിനി എന്ന യുവതി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളമായി ഇറാനില്‍ പ്രതിഷേധം നടക്കുകയാണ്. ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്.

ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. പൊലീസിന്റെ
മര്‍ദനത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി മരിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം ഉടലെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം അണിനിരന്ന സമരത്തില്‍ സ്ത്രീകള്‍ ഹിജാബുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധിച്ചിരുന്നത്.

‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആയിരക്കണക്കിന് പേര്‍ തെരുവുകളിലിറങ്ങിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രതിഷേധങ്ങളിലൊന്നിനാണ് പിന്നീട് ഇറാന്‍ സാക്ഷ്യം വഹിച്ചത്.

സമരത്തിനെതിരെ കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളായിരുന്നു ഇറാന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ വെടിവെപ്പടക്കം നടന്നിരുന്നു. സമരത്തെ തുടര്‍ന്ന് 300ലേറെ പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഇറാനിയന്‍ ജനറല്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തുവിട്ട കണക്കില്‍ പറയുന്നത്.

എന്നാല്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലേറെയാണെന്നാണ് നിരവധി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. നിരവധി പേരെ ജയിലിലടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനുശേഷവും ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം ശക്തമായി തന്നെ തുടരുകയായിരുന്നു.

ഖത്തര്‍ ലോകകപ്പ് വേദിയിലും ഇറാന്‍ ജനത പ്രതിഷേധവുമായി എത്തിയിരുന്നു. ഇത് വലിയ ലോകശ്രദ്ധ നേടുകയും ചെയ്തു. ഖത്തറിലെത്തിയ ഇറാന്‍ ഫുട്‌ബോള്‍ ടീം ജനങ്ങളുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിരുന്നു.

ഇതിന് പിന്നാലെ, ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ക്ക് സര്‍ക്കാരിന്റെയും സര്‍ക്കാര്‍ അനുകൂലികളുടെയും ഭാഗത്ത് നിന്ന് വലിയ ഭീഷണിയും സമ്മര്‍ദവും നേരിടേണ്ടി വരുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ഇത്തരത്തില്‍, സമരത്തിനോട് ഒരു ഘട്ടത്തിലും ഇറാന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്ന പുനപരിശോധനയടക്കമുള്ള നീക്കങ്ങളെ സംശയത്തോടെയാണ് ജനങ്ങള്‍ നോക്കിക്കാണുന്നത്.

Content Highlight: Iran to review country’s stance on mandatory hijab