റഈസിയുടെ മരണ ശേഷവും മേഖലയിലെ സമാധാന ശ്രമങ്ങള്‍ തുടരുമെന്ന് ഇറാന്‍
World News
റഈസിയുടെ മരണ ശേഷവും മേഖലയിലെ സമാധാന ശ്രമങ്ങള്‍ തുടരുമെന്ന് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2024, 8:50 am

ടെഹ്‌റാന്‍: പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മരണ ശേഷവും മേഖലയിലെ സമാധാന ശ്രമങ്ങള്‍ തുടരുമെന്ന് ഇറാന്‍ ഇസ്‌ലാമിക് റെവല്യൂഷന്‍ നേതാവ് ആയത്തുല്ല സെയ്ദ് അലി ഖമേനി പറഞ്ഞു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി നടന്ന കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.

ഹെലിക്കോപ്റ്റര്‍ തകര്‍ന്ന് മരിച്ച റഈസിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ വേണ്ടിയായിരുന്നു ഖത്തര്‍ അമീര്‍ ഇറാന്‍ സന്ദര്‍ശിച്ചത്.

മേഖലയിലെ സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളെ നേരിടാന്‍ എല്ലാ രാജ്യങ്ങളും ഒന്നിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഇല്ലെന്ന് ആയത്തുള്ള ഖമേനി പറഞ്ഞു. ഇറാനും ഖത്തറും തമ്മിലുള്ള ബന്ധം ശക്തമാണെന്നും അതിനിയും തുടരുമെന്നും ഖത്തര്‍ അമീര്‍ പറഞ്ഞു.

അതിനിടെ, റഈസിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനെത്തിയ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായും ആയത്തുല്ല ഖമേനി കൂടിക്കാഴ്ച നടത്തി. പാകിസ്ഥാനുമായുള്ള ബന്ധത്തിന് ഇറാന്‍ മുന്‍തൂക്കം നല്‍കുന്നുണ്ടെന്നും പുതിയ പാക് സര്‍ക്കാരിന് കീഴില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റഈസിക്കൊപ്പം ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ അമീറബ്ദുല്ലഹ്‌യാനും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യ ഗവര്‍ണര്‍ മിലിക് റഹ്മത്തി, അയത്തുള്ള അലി ഖമനൈനിയുടെ പ്രതിനിധി ആയത്തുള്ള മുഹമ്മദ് അലി ആലു ഹാഷി എന്നിവരുമാണ് റഈസിക്കൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്നത്. റഈസിയുടെ ഖബറടക്കം വ്യാഴാഴ്ച ഇറാനിൽ നടന്നു.

ഇറാന്‍-അസര്‍ബൈജാന്‍ പ്രവിശ്യയിലെ ഒരു അണക്കെട്ട് ഉദ്ഘാടനത്തില്‍ അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹഹം അലിയേവിനൊപ്പം പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഹെലികോപ്റ്റര്‍ അപടകത്തില്‍ പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകളുണ്ടായിരുന്ന സംഘത്തില്‍ ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്.

കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ വര്‍സഖാന്‍, ജോല്‍ഫ നഗരങ്ങള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ദിസ്മര്‍ വനത്തിലാണ് അപകടം നടന്നത്.

Iran to keep on path of regional unity despite loss of President Raeisi