| Saturday, 8th April 2023, 7:01 pm

ഹിജാബ് ധരിക്കുന്നോ എന്നറിയാന്‍ പൊതുസ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിക്കാന്‍ ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: നിര്‍ബന്ധിത ശിരോവസ്ത്ര നിയമം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇറാന്‍ ഭരണകൂടം പൊതുസ്ഥലങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നതായി റിപ്പോര്‍ട്ട്. ഹിജാബ് ധരിക്കാത്ത സ്ത്രീകളെ കണ്ടെത്തുന്നതിനും അവരെ ശിക്ഷിക്കുന്നതിനുമായാണ് ഭരണകൂടത്തിന്റെ പുതിയ നീക്കം. ഇറാനിലെ മിസാന്‍ ന്യൂസ് ഏജന്‍സിയാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ശിരോവസ്ത്രം ധരിക്കാത്തവരെ കണ്ടെത്തിക്കഴിഞ്ഞാല്‍ ആദ്യം അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ് മെസേജ് അയക്കുമെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരെ പ്രതിരോധവും പ്രതിഷേധവുമുയരുന്നത് രാജ്യത്തിന്റെ ആത്മീയ പ്രതിച്ഛായക്ക് കോട്ടം വരുത്തുമെന്നും അരക്ഷിതത്വം വളര്‍ത്തുമെന്നുമാണ് ഭരണകൂടം കരുതുന്നത്.

22കാരിയായ കുര്‍ദിഷ് പെണ്‍കുട്ടി മഹ്‌സ അമിനി ഹിജാബ് ധരിക്കാത്തതിന്റെ പേരില്‍ മതകാര്യ പൊലീസിനാല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് നിര്‍ബന്ധിത ഹിജാബ് നിയമത്തിനെതിരെ ഇറാനില്‍ പ്രതിഷേധം ശക്തമായത്.

മഹ്‌സാ അമിനിയുടെ മരണത്തെ തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളില്‍ നിരവധി പേരാണ് ഇറാന്‍ ഭരണകൂടത്തിനാല്‍ കൊല്ലപ്പെട്ടത്. പ്രതിഷേധത്തില്‍ പങ്കെടുത്ത ചിലരെ ഇറാന്‍ തൂക്കിലേറ്റുകയും ചെയ്തിരുന്നു. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് പ്രതിഷേധക്കാര്‍ ജയിലുകളില്‍ നേരിടേണ്ടി വരുന്നത്.

ഹിജാബില്ലാതെ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന സ്ത്രീകളെ ദയയില്ലാതെ വിചാരണ ചെയ്യുമെന്ന ഭീഷണിയുമായി ഇറാന്‍ ചീഫ് ജസ്റ്റിസ് ഗൊലാംഹൊസൈന്‍ മൊഹ്സെനി ഇജെ നേരത്തെ രംഗത്തെത്തിയിരുന്നു. ഹിജാബ് നിയമങ്ങള്‍ ശക്തിപ്പെടുത്തുമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഭീഷണി. മത നിയമത്തിന് വിരുദ്ധമായി പൊതുസ്ഥലത്ത് സംഭവിക്കുന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ നിയമപാലകര്‍ ബാധ്യസ്ഥരാണെന്നും ഇജെ പറഞ്ഞിരുന്നു.

ഹിജാബില്‍ വിശ്വാസമില്ലെന്ന് പറയുന്നവരെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത് നല്ലതാണെന്നും എന്നാല്‍ ഹിജാബ് ധാരണം നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും നേരത്തെ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയും പറഞ്ഞിരുന്നു.

Content Highlights: Iran to install cameras in public places to see if women wear hijab

We use cookies to give you the best possible experience. Learn more