തെഹ്‌രാന്‍: ദല്‍ഹി കലാപത്തില്‍ ഇന്ത്യയെ വിമര്‍ശിച്ച് ഇറാന്‍ വിദേശകാര്യമന്ത്രി. ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളെ ഇറാന്‍ അപലപിക്കുന്നു എന്നാണ് വിദേശകാര്യ മന്ത്രി ജാവേദ് സരീഫ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒപ്പം വിവേകമില്ലാത്ത ആക്രമണങ്ങളെ പ്രത്സാഹിപ്പിക്കരുതെന്നും ജാവേദ് സരീഫ് കൂട്ടിച്ചേര്‍ത്തു.
‘ ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ നടക്കുന്ന ആസൂത്രിതമായ ആക്രമണത്തെ ഇറാന്‍ അപലപിക്കുന്നു. നൂറ്റാണ്ടുകളായി ഇറാന്‍ ഇന്ത്യയുടെ സുഹൃത്താണ്. എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കാനും വിവേകമില്ലാത്ത ആക്രമണങ്ങളെ പ്രോത്സാഹിക്കാതിരിക്കാനും ഇന്ത്യന്‍ സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. സമാധാനപരമായ ചര്‍ച്ചയിലൂടെയും നിയമസംവിധാനത്തിലും ആണ് സമാധാനത്തിന്റെ വഴി ഉള്ളത്, ‘ ഇറാന്‍ വിദേശ കാര്യമന്ത്രി ട്വീറ്റ് ചെയ്തു.
ദല്‍ഹി കലാപത്തില്‍ ഇറാന്റെ ആദ്യ പ്രതികരണമാണിത്. മാത്രവുമല്ല ഇന്ത്യയുമായി അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന ഇറാന്‍ ഇതുവരെയും കേന്ദ്ര സര്‍ക്കാരിനെതിരെ പരസ്യമായ വിമര്‍ശനം നടത്തിയിട്ടില്ല.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും എന്‍.ആര്‍.സിക്കെതിരെയും തുര്‍ക്കി, മലേഷ്യ തുടങ്ങി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയപ്പോള്‍ ഇറാന്‍ പ്രതികരിച്ചിരുന്നില്ല. ഇറാന്റെ വിമര്‍ശനത്തോട് ഇന്ത്യ ഇതുവരെ പ്രതികരണ നടത്തിയിട്ടില്ല. നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും കശ്മീര്‍ വിഷയത്തിലും മലേഷ്യന്‍ മുന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് വിമര്‍ശനമുന്നയിച്ചപ്പോള്‍ മലേഷ്യയില്‍ നിന്നുള്ള പാം ഓയില്‍ ഇറക്കുമതി ഇന്ത്യ വെട്ടിച്ചുരുക്കിയിരുന്നു. ഒപ്പം ഗള്‍ഫ് രാജ്യങ്ങളും പൗരത്വ ഭേദഗതി നിയമത്തെ നേരത്തെ വിമര്‍ശിച്ചിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഇറാന്‍ കൂടി കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ ആഗോള നയതന്ത്ര ബന്ധങ്ങള്‍ മാറി മറിയാന്‍ സാധ്യതയുണ്ട്. വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന വര്‍ഗീയ അക്രമത്തില്‍ 46 പേരാണ് കൊല്ലപ്പെട്ടത്. 200 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.