|

ജി.സി.സി രാഷ്ട്രങ്ങളുമായി ചര്‍ച്ച നടത്താന്‍ ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

gcc-meet
തെഹ്‌റാന്‍:  സിറിയ, യമന്‍ വിഷയത്തില്‍ ആറോളം ജി.സി.സി രാഷ്ട്രങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് ഇറാന്‍. ഇറാന്‍ വിദേശകാര്യ സഹമന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലയാണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബര്‍ 22നാണ് ചര്‍ച്ചകള്‍ നടത്തുക. അതേ സമയം ഇറാന്റെ ക്ഷണം സംബന്ധിച്ച് മറ്റ് രാഷ്ട്രങ്ങളൊന്നും ഇത് വരെ പ്രതികരിച്ചിട്ടില്ല.

ജി.സി.സി രാഷ്ട്രങ്ങളില്‍ വെച്ചോ മറ്റേതെങ്കിലും നിഷ്പക്ഷ രാജ്യത്ത് വെച്ചോ ആയിരിക്കും ചര്‍ച്ചയെന്ന് ഇറാന്‍ പ്രതിനിധി അറിയിച്ചു. നിലവില്‍ അഭ്യന്തര പ്രതിസന്ധി രൂക്ഷമായ സിറിയയിലും യമനിലും വിവിധ രീതിയില്‍ ഇറാന്റെയും ജി.സി.സി രാഷ്ട്രങ്ങളുടെയും ഇടപെടലുകള്‍ നടക്കുന്നുണ്ട്.

അതേ സമയം ഇറാനുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നതിന്റെ സൂചനകള്‍ നല്‍കി കൊണ്ട് ഒമാന്‍ വിദേശകാര്യ മന്ത്രി രംഗത്ത് എത്തി. പശ്ചാത്യ ശക്തികളുമായുള്ള ഇറാന്റെ ആണവ കരാറിന്റെ പശ്ചാത്തലത്തിലാണിത്.

നിലവില്‍ യമനില്‍ സൗദിയും ഇറാനും യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ നടക്കാന്‍ പോകുന്നത്. യമനിലെ വിമതപക്ഷമായ ഹൂതികള്‍ക്ക് ആയുധവും പിന്തുണയും നല്‍കുന്നത് ഇറാനാണെന്നതാണ് സൗദിയടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ആരോപണം.