സൗദിയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഇറാന്‍
World News
സൗദിയുമായുള്ള ചര്‍ച്ചകള്‍ അവസാനിപ്പിച്ച് ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th March 2022, 3:09 pm

ടെഹ്‌റാന്‍: സൗദി അറേബ്യയുമായുള്ള നേരിട്ടുള്ള ചര്‍ച്ചകള്‍ താത്കാലികമായി അവസാനിപ്പിച്ച് ഇറാന്‍. ഇറാന്റെ ഉന്നത സുരക്ഷാസമിതിയുമായി ബന്ധപ്പെട്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തുര്‍ക്കിയിലെ അന്റാലിയയില്‍ നടന്ന നയതന്ത്ര ഫോറത്തില്‍ ഇരുവരും തമ്മിലുള്ള അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ക്ക് ബാഗ്ദാദ് ആതിഥേയത്വം വഹിക്കുമെന്ന് ഇറാഖ് വിദേശകാര്യമന്ത്രിയായ ഫുആദ് ഹുസൈന്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ കണക്കിലെടുത്ത ശേഷം ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലുമായി (എസ്.എന്‍എസ്.സി) ബന്ധമുള്ള നൂര്‍ന്യൂസ്, തങ്ങള്‍ ഏകപക്ഷീയമായി എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. ഒരു തരത്തിലുള്ള കാരണവും വ്യക്തമാക്കാതെയായിരുന്നു തങ്ങള്‍ ചര്‍ച്ചകള്‍ക്കില്ല എന്ന് ഇറാന്‍ പ്രഖ്യാപിച്ചത്.

എന്നാല്‍ ഉടന്‍ തന്നെ ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയ്യാറാവുമെന്നും, ഇപ്പോഴുള്ള തീരുമാനം താല്‍ക്കാലികമാണെന്നും ഇറാന്റെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുന്നതോടെ ഇപ്പോഴുള്ള പല അനിശ്ചിതത്വങ്ങളും ലഘൂകരിക്കാന്‍ സാധിക്കുമെന്നും ഇറാനും സൗദിയും അറിയിച്ചു.

2016ല്‍ പ്രമുഖനായ ഒരു ഷിയ നേതാവിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ടെഹ്‌റാനിലെ സൗദി എംബസി പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാ വിധ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചിരുന്നു.

2015ലെ ആണവകരാറില്‍ നിന്നും പിന്‍മാറിയതിന് ശേഷം ഇറാനുമേല്‍ കടുത്ത ഉപരോധമേര്‍പ്പെടുത്തണമെന്നുള്ള അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ തന്ത്രത്തെ സൗദി പിന്തുണച്ചിരുന്നു.

യെമന്‍ യുദ്ധത്തില്‍ ഇരുരാജ്യങ്ങളും എതിര്‍ചേരിയിലായിരുന്നു നിലകൊണ്ടിരുന്നത്. 2014 മുതല്‍ ഇറാന്‍ അനുകൂല ഹൂതി പ്രസ്ഥാനത്തിനെതിരെയായിരുന്നു സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം നിന്നത്.

എന്നാല്‍ 2020 ഏപ്രിലില്‍ ഇറാഖ് തലസ്ഥാനത്ത് ഇരുവരും തമ്മില്‍ നടത്തിയ രഹസ്യ ചര്‍ച്ചയില്‍ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുന്നതിനെ സംബന്ധിച്ച് സൂചനകള്‍ പുറത്തു വന്നിരുന്നു. മാസങ്ങള്‍ക്ക് ശേഷമാണ് ചര്‍ച്ചകളെ സംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ.സി.പി.ഒ.എ) എന്നറിയപ്പെടുന്ന ആണവ കരാര്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമത്തില്‍ ഇറാനും ലോകശക്തികളും വീണ്ടും വിയന്നയില്‍ ചേര്‍ന്നപ്പോഴാണ് ചര്‍ച്ചകള്‍ നടന്നത്. 11 മാസത്തിലേറെയായി, ഓസ്ട്രിയന്‍ തലസ്ഥാനത്ത് നടന്നുവരുന്ന ചര്‍ച്ചകള്‍ ഇപ്പോള്‍ അവസാനത്തോടടുത്തതായും കരുതുന്നു.

ജിദ്ദയിലെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പ്പറേഷനില്‍ (ഒ.ഐ.സി) ഒരു ഓഫീസ് വീണ്ടും സ്ഥാപിക്കുന്നതിനായി വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ മൂന്ന് നയതന്ത്രജ്ഞരെ സൗദി അറേബ്യയിലേക്ക് അയച്ചതായി ഇറാന്‍ നേരത്തെ അറിയിച്ചിരുന്നു.

Content Highlight:  Iran ‘temporarily suspends’ direct talks with Saudi Arabia