| Thursday, 3rd December 2020, 10:58 am

യു.എ.ഇയെ ആക്രമിക്കുമെന്ന് അബുദാബിയോട് ഇറാന്‍; ആണവശാസ്ത്രജ്ഞന്റെ കൊലപാതകം പുതിയ ദിശയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാന്റെ ആണവശാസ്ജ്ഞന്‍ മൊഹ്‌സന്‍ ഫക്രീസാദെയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പുതിയ ദിശയിലേക്ക് നീങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വിട്ട് ദ മിഡില്‍ ഈസ്റ്റ് ഐ.

യു.എസ് തങ്ങളെ ആക്രമിച്ചാൽ പകരമായി യു.എ.ഇയെ ആക്രമിക്കുമെന്ന് ടെഹ്‌റാന്‍ അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സയ്ദിനെ നേരിട്ട് വിളിച്ചറിയിച്ചുവെന്നാണ് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വെള്ളിയാഴ്ച മൊഹ്‌സിന്‍ ഫ്രക്രീസാദെ കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാന്‍ കടുത്ത സുരക്ഷാ നടപടികളാണ് സ്വീകരിച്ച് വരുന്നത്. ആദ്യഘട്ടങ്ങളില്‍ ഫ്രക്രീസാദെയുടെ കൊലപാതകത്തില്‍ ഇറാന്‍ ഇസ്രഈലിനെയായിരുന്നു കുറ്റപ്പെടുത്തിയത്.

എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസുമായി ബന്ധപ്പെട്ട ഇസ്രഈലി ഇന്റലിജന്‍സ് ഫ്രക്രീസാദെയുടെ കൊലപാതകത്തിന് പിന്നില്‍ അമേരിക്കയാണോ എന്ന സംശയം ഇറാനുണ്ടെന്നും സൂചിപ്പിച്ചിരുന്നു. ജനുവരി 20ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ഏതുവിധേനയും തിരിച്ചടിക്കുമെന്ന സംശയമാണ് ഇറാനുള്ളത്.

മുഹമ്മദ് ബിന്‍ സയ്ദിനെ ഇറാന്‍ നേരിട്ട് വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് ദ മീഡില്‍ ഈസ്റ്റ് ഐ സോഴ്‌സുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.. ഇറാന്‍ മുഹമ്മദ് ബിന്‍ സയ്ദിനെ വിളിച്ച് ആക്രമണത്തിന് നിങ്ങളെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പറഞ്ഞതായും വൃത്തങ്ങളെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറാനില്‍ നിന്ന് 70 കിലോമീറ്റര്‍ മാത്രം അകലെയുള്ള യു.എ.ഇ ട്രംപിന്റെ അടുത്ത സഖ്യകക്ഷിയാണ്. അടുത്തിടെ ഇസ്രഈലുമായി നോര്‍മലൈസേഷന്‍ കരാറില്‍ ഇവര്‍ ഒപ്പുവെച്ചിരുന്നു. സുരക്ഷ ഉള്‍പ്പെടെയുള്ള നിര്‍ണായക വിഷയങ്ങളില്‍ അടുത്ത ബന്ധവും ഇവര്‍ സ്ഥാപിച്ചു കഴിഞ്ഞു.

ഇറാന്‍ മുഹമ്മദ് ബിന്‍ സയ്ദിനെ വിളിച്ചതിന് തൊട്ടുപിന്നാലെയാണ് ഫ്രക്രീസാദെയുട കൊലപാതകത്തെ അപലപിച്ചുകൊണ്ട് യു.എ.ഇ പ്രസ്താവന ഇറക്കിയത്. ഇത്തരം നടപടികള്‍ മിഡില്‍ ഈസ്റ്റിനെ വീണ്ടും സംഘര്‍ഷം നിറഞ്ഞ അവസ്ഥയിലേക്ക് എത്തിക്കുമെന്നാണ് യു.എ.ഇ പ്രസ്താവനയില്‍ പറയുന്നത്.

അതേസമയം വിഷയത്തില്‍ യു.എ.യില്‍ നിന്ന് തിരിച്ചടി നേരിടേണ്ടി വരുമോ എന്നതില്‍ ഇസ്രഈല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ടെന്ന് ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സെപ്തംബറില്‍ നോര്‍മലൈസേഷന്‍ കരാറിന് ശേഷം വാണിജ്യപരവും വ്യവസായപരവുമായ ആവശ്യങ്ങള്‍ക്കായി ഇസ്രഈലി പ്രതിനിധികള്‍ അബുദാബിയിലേക്കും ദുബായിലേക്കും പോയിരുന്നു.

ഇതിന് പുറമെ ഇസ്രഈലി യാത്രക്കാരുമായി ആദ്യ വാണിജ്യ വിമാനം ദുബൈ വിമാനത്താവളത്തിലെത്തുകയും ചെയ്തിരുന്നു. ഇസ്രഈലിന്റെ ഔദ്യോഗിക വിമാനമായ ഇസ്രയര്‍ ആണ് 166 യാത്രക്കാരുമായി ദുബൈയിലെത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Iran tells MBZ it will hit UAE in response to a US attack

We use cookies to give you the best possible experience. Learn more