പേർഷ്യൻ ദ്വീപുകളിൽ യു.എ.ഇയുടെ അവകാശവാദം; ചൈനീസ് അംബാസിഡറെ വിളിച്ചുവരുത്തി ഇറാൻ
World News
പേർഷ്യൻ ദ്വീപുകളിൽ യു.എ.ഇയുടെ അവകാശവാദം; ചൈനീസ് അംബാസിഡറെ വിളിച്ചുവരുത്തി ഇറാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd June 2024, 10:19 am

ടെഹ്‌റാൻ: പേർഷ്യൻ ഗൾഫ് ദ്വീപുകളിൽ യു.എ.ഇ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെ ചൈനീസ് അംബാസിഡറെ വിളിച്ചുവരുത്തി ഇറാൻ. ചൈന-യു.എ.ഇ സംയുക്ത യോഗത്തിൽ യു.എ.ഇ അധികൃതർ നടത്തിയ പ്രസ്താവനകളാണ് ഇറാനെ പ്രകോപിപ്പിച്ചത്.

ഇക്കാര്യം ചൂണ്ടിക്കാട്ടി പേർഷ്യൻ ഗൾഫ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ജനറൽ മുഹമ്മദ് അലിബാക്ക് അംബാസിഡർ കോങ് പീവുവിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയതായാണ് റിപ്പോർട്ട്. യോഗത്തിലെ പ്രസ്താവനകളിൽ പേർഷ്യൻ ഗൾഫിലെ മൂന്ന് ദ്വീപുകളെ കുറിച്ച് അടിസ്ഥാനരഹിതമായി യു.എ.ഇ അവകാശവാദം ഉന്നയിച്ചുവെന്നാണ് ഇറാൻ പറയുന്നത്.

‘ഈ ദ്വീപുകൾ ഇറാൻ മണ്ണിന്റേതാണ്. യു.എ.ഇയുടെ പ്രസ്താവനയിൽ ചൈന നിലപാട് വ്യക്തമാക്കണം,’ ഇറാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

പേർഷ്യൻ ഗൾഫിലെ അബു മൂസ, ഗ്രേറ്റർ, ലെസ്സർ ടൺബ്സ് എന്നീ ദ്വീപുകൾ ഇറാന്റെ ഭാഗമാണ്. ഇതിനെ സാധുകരിക്കുന്ന ചരിത്രപരവും നിയമപരവും ഭൂമിശാസ്ത്രപരവുമായ രേഖകൾ കൈവശമുണ്ടെന്ന് ഇറാൻ വൃത്തങ്ങൾ വ്യക്തമാക്കി. ഈ ഔദ്യോഗിക രേഖകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ യു.എ.ഇ നടത്തുന്ന അവകാശവാദം അടിസ്ഥാന രഹിതമാണെന്ന് ഇറാൻ ചൂണ്ടിക്കാട്ടി.

1921ൽ ഈ മൂന്ന് ദ്വീപുകളും ബ്രിട്ടന്റെ നിയന്ത്രണത്തിലായിരുന്നു. പിന്നീട് 1971 നവംബർ 30ന് ബ്രിട്ടീഷ് സൈന്യം ദ്വീപുകളിൽ നിന്ന് പിന്മാറി. തുടർന്ന് യു.എ.ഇ ഒരു ഔദ്യോഗിക ഫെഡറേഷനായി മാറുന്നതിന് മുമ്പേ ദ്വീപുകളുടെ മേൽ ഇറാൻ്റെ പരമാധികാരം പുനഃസ്ഥാപിച്ചുവെന്നാണ് രേഖകൾ പറയുന്നത്.

ഇറാന്റെയും അറേബ്യൻ മുനമ്പിന്റെയും ഇടയിലുള്ള കടലിടുക്കിനെയാണ് പേർഷ്യൻ ഗൾഫ് എന്നു പറയുന്നത്. ഇവിടെ അബു മൂസ, ഗ്രേറ്റർ, ലെസ്സർ ടൺബ്സ് എന്നിവയടക്കം നിരവധി ദ്വീപുകൾ നിലനിൽക്കുന്നുണ്ട്.

Content Highlight: Iran summons Chinese ambassador after UAE claims on Persian Gulf islands