| Saturday, 5th October 2024, 11:11 pm

ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷത്തിനിടെ സൗദിമായുള്ള ബന്ധം ഊട്ടിയുറപ്പിച്ച് ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷത്തിനിടയില്‍ സൗദി അറേബ്യയുമായി അനുരഞ്ജനത്തിനൊരുങ്ങി ഇറാന്‍. ദോഹയില്‍ നടന്ന രണ്ട് ദിവസത്തെ ഉച്ചകോടിയില്‍ സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളുമായി ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍ കൂടിക്കാഴ്ച നടത്തായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദോഹയില്‍ വെച്ച് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സൗദിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പെസസ്‌കിയാന്‍ സന്നദ്ധത അറിയിച്ചതായി ഇറാന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

‘സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാജ്യങ്ങളെ ഞങ്ങള്‍ സഹോദരങ്ങളായാണ് കാണുന്നത്. സഹകരണം വര്‍ധിപ്പിക്കുന്നതിനായി അഭിപ്രായഭിന്നതകള്‍ മാറ്റിവെക്കേണ്ടതുണ്ട്,’ പെസസ്‌കിയാന്‍ പറഞ്ഞതായി ഇറാനിയന്‍ സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബര്‍ 27ന് കൊല്ലപ്പെട്ട ഹിസ്ബുല്ല മേധാവി ഹസന്‍ നസറുല്ല പിന്‍ഗാമി ഹാഷിം സഫീദ്ദീനെ കൊലപ്പെടുത്താന്‍ ഇസ്രഈല്‍
ലെബനന്‍ തലസ്ഥാനത്തെ വിമാനത്താവളത്തിന് സമീപം വ്യോമാക്രമണം നടത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് സന്ദര്‍ശനം .

അതേസമയം ടെഹ്റാനുമായുള്ള ബന്ധത്തിലെ വിള്ളലുകള്‍ അവസാനിപ്പിക്കാനാണ് റിയാദ് ശ്രമിക്കുന്നതെന്ന് ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് ബിന്‍ ഫര്‍ഹാന്‍ അറിയിച്ചിട്ടുണ്ട്.

‘ഞങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള അധ്യായം ശാശ്വതമായി അവസാനിപ്പിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇറാനും സൗദിയും തമ്മിലുള്ള ബന്ധം വികസിപ്പിക്കാനുമാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,’ അദ്ദേഹം പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഫലസ്തീന്‍ പ്രശ്നം തന്നെ വ്യക്തിപരമായി ബാധിക്കുന്നേയില്ലെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞിരുന്നു്. യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സൗദി രാജകുമാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

തന്റെ ജനസംഖ്യയുടെ 70 ശതമാനത്തോളം വരുന്ന യുവജനങ്ങള്‍ക്കും ഫലസ്തീന്‍ പ്രശ്നം എന്താണെന്ന് കാര്യമായിട്ടറിയില്ലെന്ന് പറഞ്ഞ സല്‍മാന്‍ തന്നെയും ഈ പ്രശ്നം വ്യക്തിപരമായി ബാധിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടു.

Content Highlight: Iran strengthened its ties with Saudi Arabia during the Iran-Israel conflict

We use cookies to give you the best possible experience. Learn more