'ജി.സി.സി അതിന്റെ കഴിവില്ലായ്മയുടെ പരകോടിയില്‍ നില്‍ക്കുന്നു', ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍
World News
'ജി.സി.സി അതിന്റെ കഴിവില്ലായ്മയുടെ പരകോടിയില്‍ നില്‍ക്കുന്നു', ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th August 2020, 3:18 pm

തെഹ്‌രാന്‍: ഇറാനുമേലുള്ള ആയുധ വിലക്ക് നീട്ടാന്‍ ജി.സി.സി രാജ്യങ്ങള്‍ യു.എന്നിനു കത്തയച്ചതിനു പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍. ഗള്‍ഫ് കോര്‍പ്പറേഷന്റെ നടപടി യാഥാര്‍ത്ഥ്യ വിരുദ്ധമാണെന്ന് ഇറാന്‍ ആരോപിച്ചു.

‘ജി.സി.സി അതിന്റെ കഴിവില്ലായ്മയുടെ പരകോടിയിലാണ്. യാഥാര്‍ത്ഥ്യ ബോധമില്ലാത്ത നയങ്ങള്‍ അതിനെ ഫലപ്രദമല്ലാതാക്കി,’ ഇറാന്‍ വിദേശ കാര്യമന്ത്രി അബ്ബാസ് മൗസവി ന്യൂസ് കോണ്‍ഫറന്‍സില്‍ പറഞ്ഞു.

‘ചില അംഗരാജ്യങ്ങളുടെ തെറ്റായതും വിനാശകരവുമായ നയങ്ങളിലും പെരുമാറ്റത്തിലും സ്വാധീനിക്കപ്പെട്ട കൗണ്‍സില്‍ മേഖലയ്ക്ക് പുറത്തും അകത്തും ഇറാന്‍ വിരുദ്ധ ഘടകങ്ങളുടെ മുഖപത്രമായി മാറി,’ അബ്ബാസ് മൗസവി പറഞ്ഞു.

ഇറാനു മേല്‍ യു.എന്‍ ചുമത്തിയ ആയുധ വ്യാപാര വിലക്ക് അവസാനിക്കാന്‍ രണ്ടു മാസം ബാക്കി നില്‍ക്കെയാണ് വിലക്കിന്റെ സമയപരിധി നീട്ടാന്‍ യുഎന്നിനോട് ആവശ്യപ്പെട്ട് ജി.സി.സി രാജ്യങ്ങള്‍ കത്തയച്ചത്.

ഇറാന്‍ ഇപ്പോഴും അയല്‍ രാജ്യങ്ങളിലേക്ക് വിവിധ ഗ്രൂപ്പുകള്‍ വഴിയും നേരിട്ടും ആക്രമണം നടത്തുന്നുണ്ടെന്നാണ് സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്റിന്‍, കുവൈറ്റ് എന്നീ ആറംഗ ജി.സി.സി രാജ്യങ്ങള്‍ യു.എന്നിനയച്ച കത്തില്‍ ജി.സി.സി പറയുന്നത്.

ഇറാന്‍ മേഖലയില്‍ നടത്തുന്ന അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയും തീവ്രവാദ, വര്‍ഗീയ സംഘടനകള്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കുകയും ചെയ്യുന്നതു വരെ വിലക്ക് നീക്കുന്നത് അനുചിതമാണെന്ന് ജി.സിസി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ