ടെഹ്‌റാന്‍: മിസൈല്‍ നിര്‍മ്മാണത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി. ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിനായി ഏതുതരം ആയുധങ്ങളും ഇറാന്‍ വികസിപ്പിക്കുമെന്നും റൂഹാനി പറഞ്ഞു.
“ഇത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമായി കണക്കാക്കുന്നില്ല. ഇറാന്‍ മിസൈലുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതു തുടരാന്‍ തന്നെയാണ് തീരുമാനം.”
യു.എസ് പ്രതിനിധി സഭയില്‍ ഇറാനെതിരെയുള്ള പുതിയ ഉപരോധങ്ങളിന്‍മേല്‍ വോട്ടെടുപ്പു നടന്നതിനു പിന്നാലെയാണ് ഇറാന്‍ ഭരണാധികാരിയുടെ പ്രതികരണം. ഇതിനോടകം തന്നെ മിസൈല്‍ പരീക്ഷണങ്ങളുടെ പേരില്‍ യു.എസ് ഏകപക്ഷീയമായി ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്മാറുമെന്ന് ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു. അമേരിക്കയുടെ ദേശീയ താല്‍പ്പര്യത്തിനു ചേരുന്നതല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ തീരുമാനം.
Also Read: നാലുവയസുകാരനായ ബ്രിട്ടീഷ് രാജകുമാരന്‍ ഐ.എസിന്റെ ഹിറ്റ്‌ലിസ്റ്റില്‍
മധ്യപൗരസ്ത്യ ദേശത്തെ ഏകാധിപത്യം ഉറപ്പാക്കാന്‍ ഇറാന്‍ ശ്രമിക്കുകയാണെന്നും ഭീകരരെ പിന്തുണയ്ക്കുകയാണെന്നുമാണ് യു.എസിന്റെ നിലപാട്. യു.എന്‍ പൊതുസഭയിലും ഇറാനെതിരെ ട്രംപ് വിമര്‍ശനങ്ങളുന്നയിച്ചിരുന്നു.