തെഹ്‌റാന്‍: അമേരിക്കന്‍ ഉപരോധം നിലനില്‍ക്കെ തങ്ങള്‍ക്ക് ആവശ്യമുള്ള എണ്ണ വിറ്റഴിച്ചുവെന്ന് ഇറാന്‍ വൈസ് പ്രസിഡന്റ് ഇഷാഖ് ജഹാംഗിരി. “ഇറാന്റെ എണ്ണ വില്‍പന പൂജ്യം ശതമാനമാക്കുമെന്നാണ് അമേരിക്ക സ്ഥിരമായി പറഞ്ഞു കൊണ്ടിരിക്കുന്നത്. പക്ഷെ ഞങ്ങള്‍ക്ക് വില്‍ക്കാനുള്ളതെല്ലാം കൊടുത്തു കഴിഞ്ഞു.” ജഹാംഗിരി പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായാ തസനീം റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കന്‍ ഉപരോധ ലിസ്റ്റിലുള്ള കമ്പനികളുടെ മാനേജര്‍മാരുമായി സംസാരിച്ചെന്നും നിരോധനത്തെ നേരിടാനുള്ള മാര്‍ഗങ്ങള്‍ പല കമ്പനികളും ആവിഷ്‌കരിച്ചിട്ടുണ്ടെന്നും ജഹാംഗിരി പറഞ്ഞു.
ഇറാന്റെ പ്രധാനവരുമാന മാര്‍ഗ്ഗമായ എണ്ണ കയറ്റുമതിയ്ക്കും ബാങ്കിങ്, ട്രാന്‍സ്‌പോര്‍ട്ട് സെക്ടറിനുമാണ് അമേരിക്ക തിങ്കളാഴ്ച ഉപരോധം പുനസ്ഥാപിച്ചത്. കൂടുതല്‍ ഉപരോധം കൊണ്ടുവരുമെന്നും ട്രംപ് സര്‍ക്കാര്‍ പറഞ്ഞിരുന്നു.
യു.എസ് ഉപരോധത്തിന് മറുപടിയുമായി സൈനികാഭ്യാസവും ഇറാന്‍ ഇന്നലെ നടത്തിയിരുന്നു. രാജ്യം നേരിടുന്നത് യുദ്ധസമാനമായ സാഹചര്യമാണെന്നും എതുവിധേനയും അത് നേരിടുമെന്നും പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞിരുന്നു.
1980ലെ ഇറാന്‍-ഇറാഖ് യുദ്ധസാഹചര്യം ചൂണ്ടിക്കാട്ടിയാണ് റൂഹാനി നിലവിലുള്ള അവസ്ഥയോട് പ്രതികരിച്ചത്. അന്ന് ശത്രു സദ്ദാം ഹുസൈനായിരുന്നെങ്കില്‍ ഇന്നത് ഡൊണാള്‍ഡ് ട്രംപാണ്. എന്തു വില കൊടുത്തും ഇതിനെ നേരിടണം. റൂഹാനി വ്യക്തമാക്കി.
2015ല്‍ അമേരിക്കയടക്കമുള്ളരാജ്യങ്ങളുമായി ഇറാന്‍ ഒപ്പുവെച്ച ആണവ ഉടമ്പടിയില്‍ നിന്ന് ഏകപക്ഷീയമായാണ് അമേരിക്ക പിന്‍മാറിയത്. ഇതോടെയാണ് ഉപരോധങ്ങള്‍ പുനസ്ഥാപിച്ചത്.