| Monday, 25th January 2021, 8:01 pm

അനുരജ്ഞനത്തിലേക്കോ? സൗദി കൈനീട്ടി; രക്തച്ചൊരിച്ചൽ ​ഗുണം ചെയ്തില്ലെന്ന് മനസിലാക്കിയെങ്കിൽ ഹസ്തദാനമാകാമെന്ന് ഇറാൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാൻ: സൗദി അറേബ്യ വിദേശ നയങ്ങൾ മാറ്റി പ്രശ്നങ്ങൾക്ക് പ്രാദേശിക സഖ്യമെന്ന പരിഹാരത്തിൽ എത്താൻ തയ്യാറാണെങ്കിൽ സ്വാ​ഗതം ചെയ്യുമെന്ന് ഇറാൻ വക്താവ് സയ്യിദ് കാതിബ്സ്ദേ.
”പേർഷ്യൻ ​ഗൾഫിലെ ചില രാജ്യങ്ങളുമായി ബന്ധപ്പെട്ട് സൗദി അവരുടെ ചില നയങ്ങൾ പരിഷ്കരിക്കാൻ തുടങ്ങിയതായി തോന്നുന്നു. യുദ്ധവും രക്തച്ചൊരിച്ചലും അവരെ ഇനി സഹായിക്കില്ലെന്ന് മനസിലാക്കിയെങ്കിൽ നന്ന്,” ഇറാൻ വക്താവ് കൂട്ടിച്ചേർത്തു.
പ്രാദേശിക പ്രശ്നങ്ങൾ സംബന്ധിച്ച് അയൽ രാജ്യങ്ങൾ പൊതുവായ ധാരണയിൽ എത്തണമെന്നതിൽ ഞങ്ങൾ എല്ലായ്പ്പോഴും അടിവരയിട്ടിട്ടുണ്ട്. ഇത്തരം ധാരണകൾ പ്രദേശത്തെ ഭരണം സു​ഗമമാക്കുന്ന ഒരു സുരക്ഷാ സംവിധാനം ഒരുക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനിയൻ മാധ്യമമായ ടെഹ്റാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

”സൗദിക്ക് ചില വിഷയങ്ങളിൽ ആശങ്കയുണ്ടായേക്കാം. അത്തരം പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നിശ്ചയമായും സംസാരിക്കേണ്ടതുണ്ട്. അതിന്റെ ഭാ​ഗമായി തന്നെയാണ് ഹോർമുസ് സമാധാന ശ്രമവും. ചില ആശങ്കകൾ പല മേഖലയിലും മറ്റ് ശക്തികൾക്ക് വാതിൽ തുറന്നുകൊടുക്കുന്നതുമായിരിക്കും. അത്തരം സാങ്കൽപിക ആശങ്കകളെക്കുറിച്ച് പോലും തുറന്ന് സംസാരിക്കാൻ തങ്ങൾ തയ്യാറാണ്,” ഇറാൻ വക്താവ് പറഞ്ഞു.

ഇറാൻ കരാറുകൾ പാലിക്കുന്നില്ലെന്നും പ്രാദേശിക പ്രശ്നങ്ങൾ പരിഹരിക്കുന്ന ചർച്ചകൾ ​ഗൗരവമായി എടുക്കുന്നില്ലെന്നും സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ അഭിപ്രായപ്പെട്ടതിന് പിന്നാലെയായിരുന്നു ഇറാൻ വക്താവ് വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രം​ഗത്തെത്തിയത്.

സൗദി അറേബ്യ ഇറാനിലെ ഒരു പ്രമുഖ പുരോഹിതനെ വധിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം കനക്കുന്നത്. പുരോഹിതന്റെ കൊലപാതകത്തിൽ ടെഹ്റാനിലെ എംബസിക്ക് പുറത്ത് നടന്ന പ്രതിഷേധത്തെ തുടർന്ന് 2016 ജനുവരിയിലാണ് സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്രബന്ധങ്ങൾ പൂർണമായും വിച്ഛേദിക്കുന്നത്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സൗദി അറേബ്യ ഇറാന് ഉപരോധമേർപ്പെടുത്തുന്നതുൾപ്പെടെയുള്ള വിഷയത്തിൽ പൂർണ പിന്തുണ അദ്ദേഹത്തിന് നൽകിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Iran says would welcome Saudi foreign policy revision

We use cookies to give you the best possible experience. Learn more