ടെഹ്റാന്‍: ഇസ്രഈലിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി അമേരിക്കയും ബ്രിട്ടനും അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുന്നുവെന്ന് ഇറാന്‍.
യെമനില്‍ യു.കെയും യു.എസും സംയുക്തമായി ആക്രമണം നടത്തിയതില്‍ അപലപിച്ചുകൊണ്ട് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇരു രാജ്യങ്ങള്‍ക്കെതിരെയും ആഞ്ഞടിച്ചു. അന്താരാഷ്ട്ര സുരക്ഷയെ അമേരിക്കയും ബ്രിട്ടനും ബലികഴിപ്പിക്കുന്നതിന്റെ തെളിവുകളാണ് നിലവിലെ റെയ്ഡുകള്‍ എന്നും ഇറാന്‍ പ്രതികരിച്ചു.
ഏകപക്ഷീയമായ ആക്രമണങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട നിയമങ്ങള്‍ക്കും തത്വങ്ങള്‍ക്കും വിരുദ്ധമാണെന്നും യെമന്റെ പരമാധികാരത്തെയാണ് ഇരു രാജ്യങ്ങളും ലംഘിക്കുന്നതെന്നും മന്ത്രാലയ വക്താവായ നാസര്‍ കനാനി ചൂണ്ടിക്കാട്ടി.
സയണിസ്റ്റ് ഭരണകൂടത്തിന്റെ യുദ്ധക്കുറ്റങ്ങളെയും വംശഹത്യയെയും അമേരിക്ക പൂര്‍ണമായി പിന്തുണക്കുകയാണെന്നും യെമന്റെ സൈനിക കഴിവുകളെ ലോകത്തിന് മുന്നില്‍ തരംതാഴ്ത്താനുള്ള ശ്രമാണ് നടക്കുന്നതെന്നും ഇറാന്‍ പറഞ്ഞു.
അന്താരാഷ്ട്ര നിയമങ്ങളുമായി ബന്ധപ്പെട്ട യു.എന്‍ ചാര്‍ട്ടര്‍ അമേരിക്കയും ബ്രിട്ടനും ലംഘിച്ചുവെന്നും ഇറാന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ഏതെങ്കിലും രീതി ഉപയോഗിച്ച് കൊലയാളിയായ സയണിസ്റ്റ് ഭരണകൂടത്തില്‍ സമ്മര്‍ദം ചെലുത്തി ഗസിലെ അതിക്രമങ്ങള്‍ ആവസാനിപ്പിക്കണമെന്ന് ഇറാനിലെ ഉന്നത നയതന്ത്രജ്ഞര്‍ ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസം യു.എസ് ഓയില്‍ ടാങ്കറിന് നേരെ മിസൈല്‍, ഡ്രോണാക്രമണങ്ങള്‍ നടത്തിയതായി യെമന്‍ പറഞ്ഞു. ഏദന്‍ കടലിടുക്കില്‍വെച്ച് തോം തോര്‍ എന്ന ഓയില്‍ ടാങ്കറിനെയാണ് ആക്രമിച്ചത്.
ഫലസ്തീന്‍ ജനതക്കുള്ള പിന്തുണയുടെ ഭാഗമായും യെമനിലെ യു.എസ്, ബ്രിട്ടീഷ് ആക്രമണങ്ങള്‍ക്ക് മറുപടിയായുമാണ് ആക്രമണമെന്ന് യെമന്‍ സേന അറിയിച്ചു.
‘ചെങ്കടലില്‍ വെച്ച് അമേരിക്കന്‍ യുദ്ധക്കപ്പലുകളെ ഡ്രോണ്‍ വ്യോമ സേന നിരവധി ഡ്രോണുകളുമായി ആക്രമിച്ചു,’ യെമന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 29,692 ആയി വര്‍ധിച്ചുവെന്നും 69,879 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. 7,000 ആളുകളെ കാണാതായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസയില്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 86 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Content Highlight: Iran says the US and Britain are violating international law to protect Israel’s interests