World News
ഇസ്രഈല്‍ ആണവായുധം ഉപയോഗിച്ചാല്‍ ഉത്തരവാദിത്തം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്ക്: ഇറാന്‍
ടെഹ്റാന്‍: ഇസ്രഈല്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഫലസ്തീന് നേരെ ആണവ ആക്രമണങ്ങളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിക്കായിരിക്കുമെന്ന് ഇറാന്റെ ആണവോര്‍ജ്ജ സംഘടന മേധാവി മുഹമ്മദ് ഇസ്‌ലാമി.
ആണവ കരാറുകളില്‍ ഒപ്പുവെക്കാതെയും അന്താരാഷ്ട്ര നിയമങ്ങള്‍ നിരന്തരം ലംഘിക്കുകയും ചെയ്യുന്ന ഒരു ഭരണകൂടത്തിനെതിരെ നിലപാടുകള്‍ സ്വീകരിക്കാത്ത പക്ഷം, ഇസ്രഈല്‍ നടത്തുന്ന ഏതൊരു ആക്രമണത്തിന്റെയും ഉത്തരവാദിത്തം അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഏറ്റെടുക്കേണ്ടി വരുമെന്നും മുഹമ്മദ് ഇസ്‌ലാമി പറഞ്ഞു.
സയണിസ്റ്റ് ഭരണകൂടമായ ഇസ്രഈല്‍ ആണവായുധങ്ങളുടെ വ്യാപനം തടയുന്ന കരാറിലും സേഫ്ഗാര്‍ഡ് കരാറിലും ഒപ്പുവെക്കാന്‍ തയ്യാറായിട്ടില്ലെന്ന് ഇറാന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി.
എന്നാല്‍ ഫലസ്തീനെതിരെയുള്ള യുദ്ധത്തില്‍ അണുബോംബുകള്‍ ഉപയോഗിക്കുമെന്ന് ഇസ്രഈല്‍ ഭീഷണി ഉയര്‍ത്തുകയാണെന്നും, അതിനെതിരെ പ്രബല രാഷ്ട്രങ്ങള്‍ മൗനം പാലിക്കുകയാണെന്നും മുഹമ്മദ് ഇസ്‌ലാമി പറഞ്ഞു. നിലവില്‍ ഇസ്രഈലിന്റെ ആയുധപ്പുരയില്‍ 400ലധികം ആണവായുധങ്ങള്‍ ഉണ്ടെന്ന് കണക്കാക്കപെടുന്നതായി അദ്ദേഹം സൂചിപ്പിച്ചു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിനായി അന്താരാഷ്ട്ര സംഘടനകളുടെ ഭാഗത്ത് നിന്ന് ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും മുഹമ്മദ് ഇസ്‌ലാമി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ യു.എന്‍ ജനറല്‍ അസംബ്ലിയുടെ 78മത് സെഷനില്‍ നടത്തിയ പ്രസംഗത്തില്‍ നെതന്യാഹു ഇറാനെതിരെ വിശ്വസനീയമായ ആണവ ഭീഷണിക്ക് ആഹ്വാനം ചെയ്തിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ നെതന്യാഹു പറയാന്‍ ഉദ്ദേശിച്ചത് വിശ്വസനീയമായ സൈനിക ഭീഷണി എന്നാണെന്ന് ഇസ്രഈല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.