'സയണിസം വംശീയതയുടെ മറ്റൊരു രൂപം'; യു.എന്നില്‍ സംയുക്ത പ്രസ്താവനയുമായി ഇറാനടക്കമുള്ള രാജ്യങ്ങള്‍
World News
'സയണിസം വംശീയതയുടെ മറ്റൊരു രൂപം'; യു.എന്നില്‍ സംയുക്ത പ്രസ്താവനയുമായി ഇറാനടക്കമുള്ള രാജ്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th July 2024, 9:22 pm

ജനീവ: ഗസയിലെ ഇസ്രഈല്‍ വംശഹത്യയില്‍ പ്രതിഷേധിച്ച് ഐക്യരാഷ്ട്ര സഭയില്‍ രാജ്യങ്ങളുടെ സംയുക്ത പ്രസ്താവന. സയണിസം വംശീയതയുടെ മറ്റൊരു രൂപമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളാണ് പ്രസ്താവന അവതരിപ്പിച്ചത്.

38,000ത്തിലധികം ഫലസ്തീനികളുടെ മരണത്തിന് കാരണമായ ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ വശീയതയുടേ മറ്റൊരു ഭാവമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ പങ്കെടുത്ത ഐക്യരാഷ്ട്രസഭയിലെ സെഷനില്‍ ഇറാനാണ് പ്രസ്താവന അവതരിപ്പിച്ചത്.

സയണിസത്തെ വംശീയതയുടെ ഭാഗമായി കാണുന്ന യു.എന്‍ പ്രമേയം 3379 പുനഃസ്ഥാപിക്കണമെന്നും പ്രസ്താവന പറഞ്ഞു. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 56-ാമത് റെഗുലര്‍ സെഷനില്‍ ഇറാന്‍ അംബാസഡര്‍ അലി ബഹ്‌റൈനാണ് പ്രസ്താവന വായിച്ചത്.

ഇസ്രഈലിനെ ‘വര്‍ണവിവേചന ഭരണകൂടം’ എന്ന് ചൂണ്ടിക്കാട്ടിയ യുണൈറ്റഡ് നേഷന്‍സ് ഇക്കണോമിക് ആന്റ് സോഷ്യല്‍ കമ്മീഷന്‍ ഫോര്‍ വെസ്റ്റേണ്‍ ഏഷ്യ (ESCWA)യുടെ 2017ലെ റിപ്പോര്‍ട്ടിനെക്കുറിച്ചും പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം ഗസയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട് തിങ്കളാഴ്ച നടന്ന ചര്‍ച്ചകള്‍ക്കിടെ നെതന്യാഹു വെടിനിര്‍ത്തല്‍ പ്രമേയം തടസപ്പെടുത്തിയെന്ന് ഹമാസ് പറഞ്ഞു. ഇസ്രഈലിന്റെ ഇത്തരം നടപടികളില്‍ തീരുമാനമെടുക്കാന്‍ മധ്യസ്ഥ രാജ്യങ്ങളോട് ഹമാസ് ആവശ്യപ്പെടുകയും ചെയ്തു. ഇസ്രഈലിന്റെ നടപടി പ്രശ്‌നങ്ങള്‍ വഷളാക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി.

നിലവിലെ കണക്കുകള്‍ പ്രകാരം, ഇസ്രഈലി സൈന്യത്തിന്റെ ആക്രമണത്തില്‍ 38,150 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 87,800ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഭക്ഷണം, ശുദ്ധജലം, പോഷകാഹാരം തുടങ്ങിയവയുടെ അഭാവമാണ് കുട്ടികളുടെ മരണത്തിന് കാരണമാകുന്നത്.

Content Highlight: Iran says in UN, that Zionism is another form of racism