ടെഹ്റാൻ: ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് ടെഹ്‌റാനിലെ മെട്രോയിൽ ആക്രമിക്കപ്പെട്ട് അബോധാവസ്ഥയിലായ ഇറാനി പെൺകുട്ടി അമിത ഗെരാവന്ദിന് മസ്‌തിഷ്ക മരണം സംഭവിച്ചെന്ന് ഇറാൻ ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഹിജാബ് ധരിക്കാത്തതിന് മത പൊലീസ് അമിതയെ ആക്രമിച്ചുവെന്ന ആരോപണവുമായി ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത് വന്നിരുന്നു. ഇറാനിയൻ ഖുർദിഷ് വലതുപക്ഷ ഗ്രൂപ്പായ ഹെൻഗൊ, അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയുടെ ചിത്രം നേരത്തെ പുറത്തുവിട്ടിരുന്നു.
പെൺകുട്ടിയെ പൊലീസ് മർദിക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. എന്നാൽ പെൺകുട്ടി കുഴഞ്ഞു വീണതാണെന്നാണ് അധികൃതർ പറയുന്നത്. കുറഞ്ഞ രക്ത സമ്മർദം കാരണം കുഴഞ്ഞ് വീണപ്പോൾ മെട്രോ കാബിനിൽ ഇടിച്ചാണ് കുട്ടിക്ക് പരിക്ക് പറ്റിയതെന്ന് രക്ഷിതാക്കൾ പറഞ്ഞതായി സ്റ്റേറ്റ് മാധ്യമമായ എ.ആർ.എൻ.എ റിപ്പോർട്ട് ചെയ്തിരുന്നു.
ഹിജാബ് ധരിക്കാതെ അമിത രണ്ട് സുഹൃത്തുക്കൾക്കൊപ്പം ട്രെയ്‌നിനടുത്തേക്ക് വരുന്ന ദൃശ്യങ്ങളുടെ സി.സി.ടി.വി ഫുട്ടേജ് ഐ.ആർ.എൻ.എ പുറത്തുവിട്ടു. പിന്നീട് ട്രെയ്‌നിൽ നിന്നൊരു കുട്ടി പുറത്തു വരുന്നതും തൊട്ട് പിന്നാലെ മറ്റ് യാത്രക്കാർ അബോധാവസ്ഥയിലുള്ള കുട്ടിയെ പുറത്ത് കൊണ്ട് വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം, ട്രെയിനിന്റെ അകത്ത് നിന്നോ സ്റ്റേഷന്റെ കവാടത്തിൽ നിന്നോ ഉള്ള ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നില്ല.
ഹിജാബ് ധരിക്കാത്തതിന് ഇറാൻ പൊലീസിന്റെ കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ട മെഹ്സ അമിനിയുടേതിന് സമാനമാണ് 16കാരിയായ അമിതക്ക് സംഭവിച്ചതെന്ന് വ്യാപകമായി ആരോപണം ഉയർന്നിരുന്നു.
ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന പേരിൽ ഖുർദിഷ് വംശജയായ മഹ്‌സ അമിനിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് കസ്റ്റഡിയിൽ വെച്ച് മഹ്‌സ കൊല്ലപ്പെടുകയുമായിരുന്നു.
ഹിജാബ് വിഷയത്തിലും അമിനിയുടെ മരണത്തിലും സ്വതന്ത്ര മാധ്യമ പ്രവർത്തനവും പ്രതിബദ്ധതയും സത്യസന്ധയും പുലർത്തിയതിൽ യു.എൻ പുരസ്‌ക്കരം ലഭിച്ച രണ്ട് മാധ്യമപ്രവർത്തകരെ ഇറാൻ ജുഡീഷ്യറി കഴിഞ്ഞ ദിവസം ഏഴ് വർഷം തടവിന് വിധിച്ചിരുന്നു.
അമിനിയുടെ മരണവും മരണാന്തരച്ചടങ്ങും റിപ്പോർട്ട് ചെയ്തത് ഭരണകൂടത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ ആണെന്ന് സർക്കാർ വാദിച്ചിരുന്നു.
കൂടാതെ രാജ്യത്തിനെതിരെ കുപ്രചരണം നടത്തിയതിനും കേസിന് ആസ്പദമായ വിവരങ്ങൾ വിദേശ മാധ്യമങ്ങളോട് സംസാരിച്ചതിനും അമിനിയുടെ അഭിഭാഷകൻ സാലിഹ് നിക്ബക്തിന് ഒരു വർഷത്തെ തടവ് ചൊവ്വാഴ്ച ജുഡീഷ്യറി വിധിച്ചിരുന്നു.
Content highlight: Iran says girl who collapsed on Tehran metro is ‘brain dead’