|

ഇറാന്റെ സുരക്ഷക്ക് ഭീഷണിയായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും; യു.എസിന് ഖമേനിയുടെ മുന്നറിയിപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഇറാന്റെ സുരക്ഷയ്ക്ക് ഭീഷണിയായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി.

അമേരിക്കയെ പോലുള്ള ഒരു സര്‍ക്കാരുമായി ചര്‍ച്ച വേണ്ടതില്ലെന്നും അത് വിവേകപൂര്‍ണമായ നീക്കമല്ലെന്നും ഖമേനി പറഞ്ഞു. ഇന്ന് (വെളളി) ഇറാന്‍ സേനയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ലോകഭൂപടം മാറ്റി വരയ്ക്കുകയാണെന്നും എന്നാല്‍ അത് കടലാസില്‍ മാത്രമാണെന്നും ഖമേനി പറഞ്ഞു. ഇറാനും ലോകശക്തികളും തമ്മിലുള്ള 2015ലെ ആണവകരാറിനെ കുറിച്ചും അദ്ദേഹം ചൂണ്ടിക്കാട്ടി.

2018ല്‍ ട്രംപ് ഈ കരാറില്‍ നിന്ന് പിന്മാറിയിരുന്നുവെന്നും ഖമേനി പറഞ്ഞു. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് ബോധ്യപ്പെട്ടാല്‍ സ്വന്തം നിലയില്‍ തിരിച്ചടിക്കുമെന്നും ഖമേനി യു.എസിന് മുന്നറിയിപ്പ് നല്‍കി.

നേരത്തെ ഇറാനിലെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് യു.എസോ അമേരിക്കയോ ആക്രമണം നടത്തിയാല്‍ സമ്പൂര്‍ണ യുദ്ധത്തിലേക്ക് മാറുമെന്നും ഇറാന്‍ അറിയിച്ചിരുന്നു. അടുത്തിടെ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണശാല പൂര്‍ണമായും തകര്‍ന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു.

പ്രവര്‍ത്തനരഹിതമെന്ന് കരുതിയിരുന്ന ഇറാനിലെ പരീക്ഷണശാലയാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ തകര്‍ന്നത്. യു.എസ് മാധ്യമമായ ആക്‌സിയോസ് ആണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നത്.

പര്‍ച്ചിന്‍ മിലിട്ടറി കോംപ്ലക്‌സിലാണ് രഹസ്യ പരീക്ഷണശാല പ്രവര്‍ത്തിച്ചിരുന്നത്. ഇസ്രഈലിന്റെ ആക്രമണത്തോടെ ഇറാന്റെ ഒരു വര്‍ഷത്തേക്കുള്ള ആണവായുധ പദ്ധതി തിരിച്ചടി നേരിട്ടതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഒക്ടോബര്‍ 25ന് തലേഗാന്‍ 2നെ ലക്ഷ്യമിട്ട് ഇസ്രഈല്‍ഇറാനില്‍ ആക്രമണം നടത്തുകയായിരുന്നു. 2003ല്‍ ഇറാന്‍ ആണവപരീക്ഷണം മരവിപ്പിക്കുന്നതുവരെ തലേഗാന്‍ 2 രാജ്യത്തെ ആണവപദ്ധതിയുടെ ഭാഗമായിരുന്നു.

ഇന്നലെ (വ്യാഴം) രണ്ടാമത് അധികാരത്തിലേറിയ ട്രംപ് ഇറാനെതിരായ ആദ്യബാച്ച് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. ഇറാന്റെ എണ്ണ ശൃംഖലയെ ലക്ഷ്യം വെച്ചുള്ളതാണ് ട്രംപിന്റെ ഉപരോധങ്ങള്‍.

എണ്ണ ശൃംഖലയില്‍ നിന്നുള്ള വരുമാനം ഇറാന്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള യുദ്ധോപകരണങ്ങള്‍ നിര്‍മിക്കാനാണെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞിരുന്നു.

ഇത് തടയാന്‍ യു.എസ് ഭരണകൂടം പ്രതിജ്ഞാബദ്ധരാണെന്നും ബെസെന്റ് അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആയത്തുല്ല അലി ഖമേനിയുടെ മുന്നറിയിപ്പ്.

Content Highlight: Iran’s supreme leader rules out talks with Donald Trump