ടെഹ്റാന്‍: ഇറാന്‍ ഭരണകൂടത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പ്രതികരിച്ച് പരമോന്ന നേതാവ് ആയത്തൊള്ള അലി ഖമനയി. വിവാദമായ സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഖമനയി വിഷയത്തില്‍ പ്രതികരണം നടത്തുന്നത്. പ്രക്ഷോഭത്തിന് പിന്നില്‍ യു.എസും ഇസ്രായേലുമാണെന്ന് ഖമനയി ആരോപിച്ചു.
‘സദാചാര വിചാരണക്കിടെ മഹ്‌സ അമിനി കൊല്ലപ്പെട്ടത് ഹൃദയഭേദകമായ വാര്‍ത്തയാണ്. മാഷയുടെ മരണത്തില്‍ ദുഖമുണ്ട്. വിദേശ ശക്തികളുടെ പ്രേരണയാല്‍ പ്രക്ഷോഭം നടത്തുന്നത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ്. ഈ പ്രക്ഷോഭം ആസൂത്രിതമാണ്. അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും ഉദ്യോഗസ്ഥരുമാണ് ഇതിന് പിന്നില്‍’ ഖമനയി പറഞ്ഞു.
പ്രതിഷേധക്കാര്‍ അവരുടെ ശിരോവസ്ത്രം വലിച്ചെറിയുകയും പള്ളികള്‍ക്കും ബാങ്കുകള്‍ക്കും പൊലീസ് വാഹനങ്ങള്‍ക്കും തീയിടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സാധാരണമല്ലെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. അടിച്ചമര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കിടയിലും രാജ്യവ്യാപക പ്രതിഷേധം മൂന്നാം ആഴ്ചയിലേക്ക് കടന്ന സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരിച്ചത്.
92ല്‍ അധികം പ്രക്ഷോഭകര്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഇറാന്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. ഇറാനില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ 1,500ഓളം പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ വിലക്കയറ്റം, തൊഴിലില്ലായ്മ, രാഷ്ട്രീയമായ അടിച്ചമര്‍ത്തല്‍ എന്നീ വിഷയങ്ങളും ചര്‍ച്ചയാകുന്നുണ്ട്.
അതിനിടെ മഹ്സ അമിനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഇറാനെതിരെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധമേര്‍പ്പെടുത്തണമെന്ന് ജര്‍മന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു.
ഇറാനിലെ സാക്വസ് സ്വദേശിയായ മഹ്സ അമിനി സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയായിരുന്നു കൊല്ലപ്പെട്ടത്. പിന്നാലെ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നു.
ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി കൊല്ലപ്പെടുകയായിരുന്നു.
പൊലീസ് വാനില്‍ വെച്ച് മഹ്‌സയെ പൊലീസ് മര്‍ദിച്ചതായി ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു. ‘ശരിയായ രീതിയില്‍’ ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അമിനിയെ അറസ്റ്റ് ചെയ്തത്.
പൊലീസ് മര്‍ദനമേറ്റ് കോമയിലായി മൂന്ന് ദിവസത്തിന് ശേഷമായിരുന്നു മരണം. അറസ്റ്റിന് പിന്നാലെ മഹ്സയ്ക്ക് പൊലീസ് മര്‍ദനമേറ്റെന്നും ഇതാണ് മരണത്തിന് കാരണമായതെന്നുമാണ് ആരോപണം.
Content Highlight: Iran’s supreme leader Ayatollah Ali Khamenei breaks silence, blames US & Israel for riots