ടെഹ്‌റാന്‍: വിവാഹേതര ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന്റെ പേരില്‍ ഇറാനില്‍ പ്രണയിതാക്കള്‍ക്ക് വധശിക്ഷ വിധിച്ചെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ സുപ്രീംകോടതിയാണ് 27കാരനായ യുവാവിനും 33കാരിയായ യുവതിയ്ക്കും വധശിക്ഷ വിധിച്ചത്.
ഇരുവര്‍ക്കും ദയയോ ഇളവോ നല്‍കേണ്ടതില്ലെന്ന് യുവാവിന്റെ ഭാര്യാപിതാവ് അറിയിച്ചതോടെയാണ് വധശിക്ഷ ലഭിച്ചതെന്ന് ശനിയാഴ്ച ഇറാനിലെ ദിനപത്രം ഷര്‍ഖ് റിപ്പോര്‍ട്ട് ചെയ്തു.
യുവാവിന്റെ ഭാര്യ ഇരുവരുടേയും വിവാഹേതര ബന്ധം തെളിയിക്കുന്ന വീഡിയോ ഈ വര്‍ഷമാദ്യം പൊലീസിന് കൈമാറിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് വധശിക്ഷ വിധിക്കരുതെന്നും ഭാര്യ അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ട്.
ഇറാനിയന്‍ നിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന കുറ്റം ആരോപിക്കപ്പെട്ടയാള്‍ക്ക് ഇരകളുടെ കുടുംബം മാപ്പ് നല്‍കുകയാണെങ്കില്‍ പ്രതിക്ക് മാപ്പ് അനുവദിക്കുകയോ ശിക്ഷ ജയില്‍വാസമായി കുറക്കുകയോ ചെയ്യാം. എന്നാല്‍ ഇവിടെ ഭാര്യാപിതാവ് വധശിക്ഷയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
രാജ്യത്ത് 1979 മുതല്‍ നിലനില്‍ക്കുന്ന ഇസ്‌ലാമിക് ശരീഅത്ത് നിയമത്തിന്റെ വ്യാഖ്യാനമനുസരിച്ച് വിവാഹേതര ബന്ധം കല്ലെറിയല്‍ ശിക്ഷ ലഭിക്കേണ്ട കുറ്റമായിരുന്നു. എന്നാല്‍ 2013ല്‍ സര്‍ക്കാര്‍ ഇതില്‍ മാറ്റം വരുത്തുകയായിരുന്നു.
കല്ലെറിയലിന് പകരം വധശിക്ഷ (അധികവും തൂക്കിലേറ്റല്‍) വിധിക്കാന്‍ ന്യായാധിപന്മാരെ അനുവദിക്കുന്ന തരത്തിലായിരുന്നു നിയമത്തില്‍ മാറ്റം വരുത്തിയത്.