|

'ഒരു മാറ്റവും ചര്‍ച്ചചെയ്യില്ല, ഒരു നിയന്ത്രണവും അംഗീകരിക്കുകയുമില്ല'; അമേരിക്കയ്ക്ക് ആണവ കരാറില്‍ തിരിച്ചെത്താമെന്ന് ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: അമേരിക്കയുമായുള്ള ആണവകരാറില്‍ തിരികെയെത്താന്‍ സന്നദ്ധത അറിയിച്ച് വീണ്ടും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി.
അതേസമയം നേരത്തെ ഉണ്ടാക്കിയ കരാറില്‍ നിന്ന് ഏതെങ്കിലും വിധത്തിലുള്ള മാറ്റത്തിനോ ഇറാന്റെ ബാലിസ്റ്റിക്ക് മിസൈല്‍ പദ്ധതിക്കുമേലുള്ള നിയന്ത്രണത്തിനോ സമ്മതിക്കില്ലെന്നും റുഹാനി വ്യക്തമാക്കി.

ആണവകരാറില്‍ പങ്കാളികളായ രാഷ്ട്രങ്ങളുടെ ജോയിന്‍ കമ്മീഷന്‍ യോഗത്തിലാണ് റുഹാനി ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണമെന്ന ആവശ്യവും റുഹാനി ഉന്നയിച്ചു.

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇറാനുമായുള്ള ആണവകരാറിലേക്ക് തിരികെയെത്താന്‍ താത്പര്യപ്പെടുന്ന വ്യക്തിയാണ്.

അതേസമയം ട്രംപ് 2007ല്‍ ഇറാനിലെ കിഷ് ഐലന്റില്‍ നിന്നും കാണാതായ എഫ്.ബി.ഐ ഏജന്റ് റോബര്‍ട്ട് ലെവിന്‍സന്റെ തിരോധാനത്തില്‍ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തിയത് അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വീണ്ടും വഷളാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് വകവെക്കാതെയാണ് റുഹാനി വീണ്ടും അമേരിക്കയെ ആണവകരാറിലേക്ക് ക്ഷണിച്ചത്.

കൂടുതല്‍ കൂടിയാലോചനകള്‍ ഇല്ലാതെ തന്നെ ആണവകരാറായ ജെ.പി.സി.ഒയിലേക്ക് തിരികെ പോകാന്‍ സന്നദ്ധത അറിയിച്ചുകൊണ്ട് റുഹാനി നേരത്തെയും മുന്നോട്ട് വന്നിരുന്നു.

ജെ.പി.സി.ഒ.എയില്‍ നിന്ന് 2018 മെയ് മാസത്തില്‍ ഒരു പേപ്പര്‍ വലിച്ചെറിയുന്ന ലാഘവത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങിയതെന്നും റുഹാനി പറഞ്ഞിരുന്നു.

അമേരിക്കയുടെ അടുത്ത പ്രസിഡന്റ് കേവലം ഒരു ഒപ്പിടുന്നതിലൂടെ ഇറാനുമായുള്ള ആണവകരാറിലേക്ക് തിരികെ മടങ്ങാം. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമില്ല എന്നാണ് റുഹാനി അറിയിച്ചിരുന്നത്.

അതേസമയം അമേരിക്കയുമായി അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന സൗദിയ്ക്കും ഇസ്രഈലിനും ഇറാനുമായുള്ള ആണവ കരാറില്‍ യു.എസ് തിരിച്ചെത്തുന്നത് താത്പര്യപ്പെടില്ല.

ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം സൗദി അറേബ്യയ്ക്ക് ഗുണമായിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളാകട്ടെ ആണവ കരാര്‍ പുനഃസ്ഥാപിക്കാന്‍ താത്പര്യപ്പെടുന്നവരുമാണ്. ഇറാന്റെ ആണവ ശാസ്ത്രജ്ഞന്‍ ഫക്രീസാദിയുടെ കൊലപാതാകം വലിയ വിവാദങ്ങള്‍ തീര്‍ത്തതിന് പിന്നാലെയാണ് ജെ.പി.സി.ഒ.എയില്‍ തിരികെയെത്താന്‍ റുഹാനി തന്നെ താത്പര്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Iran’s Rouhani: No conditions or negotiations on nuclear deal