ടെല്‍ അവീവ്: ഇസ്രഈലിന് നേരെ ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ അയച്ചേക്കുമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ഇസ്രഈലിലേക്ക് മിസൈല്‍ ആക്രമണം നടത്തി ഇറാന്‍. ഇറാനില്‍ നിന്നുള്ള 400ലധികം മിസൈലുകള്‍ നഗര പ്രദേശങ്ങളില്‍ പതിച്ചതായി ഇസ്രഈല്‍ പ്രതിരോധ സേന(ഐ.ഡി.എഫ്) അറിയിച്ചിട്ടുണ്ട്.
ആക്രമണം ഉണ്ടായതിന് പിന്നാലെ ടെല്‍ അവീവില്‍ അപായ സൈറണുകള്‍ മുഴങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും ഗസയിലും ഇസ്രഈല്‍ ആക്രമണം നടത്തുന്നതിനിടെയാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്.
അതേസമയം ഇറാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ ഇസ്രഈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തയ്യാറായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
മേഖലയിലുടനീളം സംഘര്‍ഷം രൂക്ഷമായതിനാല്‍ ദശലക്ഷക്കണക്കിന് ഇസ്രഈലികളോട് നിലവില്‍ ബോംബ് ഷെല്‍ട്ടറുകളില്‍ അഭയം തേടാന്‍ ഇസ്രഈല്‍ സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്.’ഇസ്രഈലിലുടനീളമുള്ള ഞങ്ങളുടെ സഹോദരീസഹോദരന്മാരെ, ഞങ്ങള്‍ നിങ്ങളോട് കൂടെയുണ്ട്,’ ഇസ്രഈലിന്റെ ഓദ്യോഗിക എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ആക്രമണം ഉണ്ടാകുന്നതിന് മുമ്പെ തന്നെ ഇസ്രഈല്‍ സൈന്യം ജറുസലേമിലേയും ടെല്‍ അവീവിലേയും സിവിലിയന്മാര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇത് ഹിസ്ബുല്ല നേതാക്കളുടെ മരണത്തില്‍ പ്രതികാരം ചെയ്യാനുള്ള ഇറാന്റെ തയ്യാറെടുപ്പാണെന്നും സൂചനയുണ്ട്. ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഓപ്പറേഷനായി ഇസ്രഈല്‍ സൈന്യം ലെബനനിലേക്ക് കടന്നതായി സൈന്യം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇസ്രഈലിന്റെ നഗരത്തിലേക്ക് ഇറാന്‍ ആക്രമിച്ചത്.
എന്നാല്‍ ആക്രമത്തിന് പിന്നാലെ ഇസ്രഈലിന് മുന്നറിയിപ്പുമായി ഇറാനും രംഗത്തെത്തിയിട്ടുണ്ട്. ഇസ്രഈലിന് അര്‍ഹിച്ച മറുപടിയാണ് തങ്ങള്‍ നല്‍കിയിതെന്നും തിരിച്ചടിക്കാന്‍ ശ്രമിച്ചാല്‍ പ്രശ്‌നം വഷളാവുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlight: Iran’s missile attack on Israel; More than 400 missiles were hit