| Wednesday, 8th January 2020, 4:25 pm

'അമേരിക്കയുടെ മുഖത്തേറ്റ അടി' ; ഇറാന്‍ ആക്രമണത്തെക്കുറിച്ച് ഇറാന്‍ പരമോന്നത നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെഹ്‌രാന്‍:ഇറാഖിലെ യു.എസ് സൈനിക താവളങ്ങലിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ പ്രതികരണവുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖാംനഈ.
ഇറാന്റെ ആക്രമണം അമേരിക്കയുടെ മുഖത്തേറ്റ അടിയാണെന്നാണ് ഖാനംഈ പ്രതികരിച്ചത്. ഒപ്പം മേഖലയില്‍ നിന്നും അമേരിക്കന്‍ സൈന്യത്തെ പൂര്‍ണമായും പുറത്താക്കുകയാണ് വേണ്ടതെന്നും ഇദ്ദേഹം തെഹ്‌രാനില്‍ വെച്ച് നടന്ന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനു തൊട്ടു പിന്നാലെ അമേരിക്കയെ കടുത്ത പ്രതികാരമാണ് കാത്തിരിക്കുന്നതെന്ന് നേരത്തെ ഖാംനഈ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഇറാഖിലെ ഇര്‍ബിലിലേയും അല്‍ അസദിലേയും രണ്ട് യു.എസ് സൈനിക താവളങ്ങളിലാണ് ഇറാന്‍ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ ആളപായം നടന്നതായി ഇതുവരെ ഔദ്യോഗിക അറിയിപ്പുണ്ടായിട്ടില്ല. എന്നാല്‍ ആക്രമണത്തില്‍ 50 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ പ്രഖ്യാപിച്ചു.

ആക്രമണത്തിനു പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ലോകത്ത് ഉള്ളതില്‍ വെച്ച് ശക്തമായ സേനയാണ് യു.എസിന്റേതെന്നും നാശനഷ്ടങ്ങളും അപകടങ്ങളും വിലയിരുത്തി വരികയാണെന്നുമായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്.

”എല്ലാം നന്നായിപോകുന്നു. ഇറാഖില്‍ സ്ഥിതിചെയ്യുന്ന രണ്ട് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാനില്‍ നിന്ന് മിസൈലുകള്‍ വിക്ഷേപിച്ചു. നാശനഷ്ടങ്ങളും അപകടങ്ങളും വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ എല്ലാം നല്ല രീതിയില്‍ പോകുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇതുവരെ ലോകത്ത് എവിടെയുള്ളതിനെക്കാളും ഏറ്റവും ശക്തവും മികച്ച സജ്ജീകരണവും ഉള്ള സൈന്യമാണ് ഞങ്ങള്‍ക്കുള്ളത്. നാളെ രാവിലെ ഞാന്‍ പ്രസ്താവന ഇറക്കുന്നുണ്ട്.”, ട്രംപ് ട്വീറ്റ് ചെയ്തു.

We use cookies to give you the best possible experience. Learn more