| Saturday, 13th August 2022, 8:14 pm

സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ച ഹാദി മറ്റാറിനെ പ്രകീര്‍ത്തിച്ച് ഇറാനി മാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയെ യു.എസിലെ ന്യൂയോര്‍ക്കില്‍ വെച്ച് ആക്രമിച്ചയാളെ പ്രകീര്‍ത്തിച്ച് ഇറാന്‍ മാധ്യമങ്ങള്‍.

യു.എസിലെ ന്യൂജഴ്‌സി സ്വദേശിയായ 24കാരന്‍ ഹാദി മറ്റാറിനെ പ്രശംസിച്ചുകൊണ്ടാണ് തീവ്ര സ്വഭാവമുള്ള ഇറാനി പത്രങ്ങള്‍ ശനിയാഴ്ച വാര്‍ത്ത കൊടുത്തിരിക്കുന്നത്.

”വിശ്വാസത്യാഗിയും ദുഷ്ടനുമായ സല്‍മാന്‍ റുഷ്ദിയെ ന്യൂയോര്‍ക്കില്‍ വെച്ച് ആക്രമിച്ച ധീരനും കര്‍മനിരതനുമായ വ്യക്തിക്ക് ആയിരം അഭിനന്ദനങ്ങള്‍. ദൈവത്തിന്റെ ശത്രുവിന്റെ കഴുത്ത് മുറിച്ചവന്റെ കൈകള്‍ ചുംബിക്കണം,” എന്നാണ് കയ്ഹാന്‍ എന്ന പത്രത്തിലെഴുതിയത്.

കയ്ഹാന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററെ നിയമിച്ചത് ഇറാന്റെ പരമോന്നത നേതാവ് അലി ഖമനയി ആണ്.

സാത്താനിക് വേഴ്‌സസ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ 1989ല്‍ സല്‍മാന്‍ റുഷ്ദിക്ക് മേല്‍ ഫത്‌വ പ്രഖ്യാപിച്ചുകൊണ്ട് അന്തരിച്ച ആയത്തുള്ള റുഹോല്ല ഖമനയി നടത്തിയ പ്രസ്താവനയാണ് ഇറാന്‍ വാര്‍ത്താ സൈറ്റായ അസര്‍ പുറത്തുവിട്ടത്. ‘ഇന്ത്യന്‍ വംശജനായ എഴുത്തുകാരനെ ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങള്‍ കൊല്ലണം’ എന്നായിരുന്നു റുഹോല്ല ഖമനയി അന്ന് ആഹ്വാനം ചെയ്തത്.

‘സല്‍മാന്‍ റുഷ്ദിയുടെ കഴുത്തില്‍ കത്തി’ (Knife in Salman Rushdie’s neck) എന്നാണ് വതന്‍ എംറൂസ് പത്രത്തിന്റെ തലക്കെട്ട്. ‘സാത്താന്‍ നരകത്തിലേക്കുള്ള വഴിയില്‍’ (Satan on the way to hell) എന്നായിരുന്നു ഖൊറാസാന്‍ പത്രത്തിന്റെ തലക്കെട്ട്.

അതേസമയം റുഷ്ദിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഇറാന്റെ ഭാഗത്ത് നിന്നും ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല.

റുഷ്ദിയുടെ സാത്താനിക് വേഴ്‌സസ് (Satanic Verses) എന്ന പുസ്തകത്തിനെതിരെ ഏറ്റവും കൂടുതല്‍ പ്രതിഷേധമുയര്‍ന്ന രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്‍. ഇസ്‌ലാമിനെ നിന്ദിക്കുന്നു എന്നാരോപിച്ച് പുസ്തകം ഇറാനില്‍ നിരോധിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ റുഷ്ദിക്ക് നേരെ വധഭീഷണികളും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം വര്‍ഷങ്ങളോളം ഒളിവുജീവിതം നയിച്ചിരുന്നു.

അതേസമയം, ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററില്‍ കഴിയുന്ന റുഷ്ദിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംസാരശേഷി വീണ്ടെടുക്കാനായിട്ടില്ല എന്നും കൈ ഞരമ്പുകള്‍ അറ്റു പോയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനുള്ള സാധ്യതകളും ആശുപത്രി അധികൃതര്‍ മുന്നോട്ടുവെച്ചിരുന്നു.

യു.എസിലെ ന്യൂയോര്‍ക്കില്‍ ഒരു വേദിയില്‍ പ്രസംഗിക്കുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു സല്‍മാന്‍ റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്.

വേദിയിലിരുന്ന റുഷ്ദിക്ക് നേരെ പാഞ്ഞെത്തിയ അക്രമി അദ്ദേഹത്തെ ഇടിക്കുകയും കത്തി കൊണ്ട് ശക്തമായി കുത്തുകയുമായിരുന്നു. കഴുത്തിലും വയറിലുമാണ് റുഷ്ദിക്ക് കുത്തേറ്റത്. കരളിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

റുഷ്ദിയെ വധിക്കാന്‍ ശ്രമിച്ച ഹാദി മറ്റാറിന്റെ ബാഗ് വേദിക്കരികില്‍ നിന്നും കണ്ടെത്തിയെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

റുഷ്ദിയെ ആക്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. റുഷ്ദി ആക്രമിക്കപ്പെട്ട ശേഷം വേദിയിലുണ്ടായിരുന്നവരെല്ലാം അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടുന്നതായുള്ള വീഡിയോ ദൃശ്യവും പുറത്തുവന്നിരുന്നു.

The Satanic Versesന്റെ പേരില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സല്‍മാന്‍ റുഷ്ദിക്ക് നേരെ നിരന്തരം വധഭീഷണികള്‍ വരാറുണ്ട്.

1981ല്‍ പ്രസിദ്ധീകരിച്ച മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രന്‍ അടക്കമുള്ള വിഖ്യാതമായ കൃതികളുടെ രചയിതാവാണ് ബുക്കര്‍ പ്രൈസ് ജേതാവ് കൂടിയായ റുഷ്ദി. ഇന്ത്യന്‍- ബ്രിട്ടീഷ് പൗരനായ റുഷ്ദി കഴിഞ്ഞ 20 വര്‍ഷമായി യു.എസിലാണ് താമസിക്കുന്നത്.

അതേസമയം, ഹാദി മറ്റാര്‍ റുഷ്ദിയെ ആക്രമിക്കാനിടയായ കാരണം ഇതുവരെ വ്യക്തമല്ല.

Content Highlight: Iran’s hardline newspapers praise Salman Rushdie’s attacker Hadi Matar

We use cookies to give you the best possible experience. Learn more