| Saturday, 14th October 2023, 9:06 am

ഇസ്രഈല്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ കലാപം പശ്ചിമേശ്യയിലാകെ ബാധിക്കുമെന്ന് ഇറാന്‍; ഏതറ്റം വരെയും പോകുമെന്ന് ഹിസ്ബുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്‌റൂത്ത്: ഗസക്കെതിരായ ഇസ്രഈലിന്റെ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ കലാപം പശ്ചിമേശ്യയിലാകെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്‍.

ലബനന്‍ വിദേശകാര്യമന്ത്രി അബ്ദുള്ള റഷീദ് ബുഹബീബുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുള്ള, കാവല്‍ പ്രധാനമന്ത്രി നജീബ് മികാതി പാര്‍ലമെന്റ് സ്പീക്കര്‍ നബീഹ് ബെരി എന്നിവരുമായും അമീര്‍ അബ്ദുല്ലാഹിയാന്‍ കൂടിക്കാഴ്ച നടത്തി. യുദ്ധം ലബനനിലേക്ക് വ്യാപിക്കുമെന്ന ആശങ്കയും കൂടിക്കാഴ്ചക്ക് ശേഷം അദ്ദേഹം പങ്കുവെച്ചു.

അതേസമയം സംഘട്ടനത്തില്‍ ഇറാന്‍ നേരിട്ട് പങ്കാളികളാകുന്നതിനെ കുറിച്ച് അദ്ദേഹം വ്യക്തത നല്‍കിയിട്ടില്ല. ഗസയില്‍ സ്ത്രീകളെയും കുട്ടികളെയും വധിക്കാന്‍ സയണിസ്റ്റുകള്‍ക്ക് അനുവാദം നല്‍കുന്ന അമേരിക്ക മറ്റ് രാജ്യങ്ങളോട് സംയമനം പാലിക്കണമെന്ന് പറയുന്നത് തമാശയാണെന്നും അബ്ദുല്ലാഹിയാന്‍ പറഞ്ഞു.

ഗസയിലെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി വിദേശകാര്യ മന്ത്രിമാരെയും 57 പ്രധാന മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഇസ്‌ലാമിക് കോര്‍പ്പറേഷന്റെ നേതാവിനെയും വിളിച്ച് അബ്ദുല്ലാഹിയാന്‍ യോഗം ചേര്‍ന്നു.

പ്രാദേശിക സംഘര്‍ഷങ്ങള്‍ക്കിടയിലും ലബനനിലെ സുരക്ഷ സംരക്ഷിക്കുകയാണ് തന്റെ ബെയ്‌റൂത്ത് സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്നും ലബനനില്‍ എങ്ങനെ ശാന്തത നിലനിര്‍ത്താമെന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നയങ്ങളോടുള്ള പ്രതികരണമാണ് ഹമാസ് ചെയ്തതെന്നും അബ്ദുല്ലാഹിയാന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Iran’s foreign minister warns war could spread if Israeli attack of Gaza continues

We use cookies to give you the best possible experience. Learn more