ടെഹ്റാൻ: ഇസ്രഈലിന്റെ തന്ത്രങ്ങൾക്ക് വഴങ്ങി യുദ്ധത്തിന് ഒരുങ്ങരുതെന്ന് അമേരിക്കയോട് ഇറാൻ. ഇറാഖിലെ അമേരിക്കൻ ട്രൂപ്പുകൾക്ക് നേരെ അക്രമം നടത്തി പ്രകോപനം സൃഷ്ടിച്ച് യുദ്ധമുണ്ടാക്കാനുള്ള ഇസ്രഈലിന്റെ കെണിയിൽ വീഴരുതെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരിഫ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് പറഞ്ഞത്.
ഇറാനിയൻ കമാൻഡർ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിന്റെ ഒന്നാം വാർഷികത്തിലാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം. അതേസമയം വിഷയത്തിൽ ഇസ്രഈൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖാസിം സുലൈമാനിയുടെ ഒന്നാം ചരമവാർഷികത്തിൽ ഇറാഖിൽ അമേരിക്ക വിരുദ്ധ മുദ്രാവാക്യങ്ങളുമായി ഇറാൻ പിന്തുണയോടെയുള്ള ഇറാഖ് പാർലമെന്റ് അനുകൂലികൾ ശക്തമായ പ്രതിഷേധത്തിനാണ് നേതൃത്വം നൽകുന്നത്.
യു.എസ് സൈന്യത്തിനുമേൽ നടക്കുന്ന റോക്കറ്റ് ആക്രമണങ്ങൾക്ക് വൈറ്റ് ഹൗസ് നിരന്തരം ഇറാനെ കുറ്റപ്പെടുത്തുന്നതിനിടയിലാണ് വിഷയത്തിൽ പ്രതികരണവുമായി ഇറാൻ വിദേശകാര്യമന്ത്രി മുന്നോട്ട് വന്നത്.
ഇറാഖിൽ നിന്നുള്ള പുതിയ ഇന്റലിജൻസ് വിവരങ്ങൾ സൂചിപ്പിക്കുന്നത് ഇസ്രഈൽ അമേരിക്കൻ സേനയ്ക്ക് നേരെ ആക്രമണം നടത്തി ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കാനുള്ള സാധ്യതകൾ ഉണ്ടെന്നാണ്. ഇതിനായി ഇസ്രഈലി ഏജന്റുമാർ പ്രവർത്തിക്കുന്നുണ്ടെന്നും സരിഫ് പറഞ്ഞു.
വൈറ്റ് ഹൗസും ഇറാൻ വിദേശകാര്യമന്ത്രിയുടെ ട്വീറ്റിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ട്രംപ് സ്ഥാനമൊഴിയുന്നതിന് മുൻപ് ഇറാന് നേരെ ആക്രമണം നടത്തുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇറാനും വാഷിങ്ടണും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്തരം നിരീക്ഷണങ്ങൾ അന്താരാഷ്ട്രതലത്തിൽ ഉയർന്നത്.
അമേരിക്ക കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് തവണയാണ് ബി-52 ബോംബർ ഗൾഫിലുടെ പറത്തിയത്. ഖാസിം സുലൈമാനിയെ യു.എസ് വധിച്ചതിന്റെ വാർഷികത്തിൽ ഇറാനിൽ നിന്നും പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടാകുമോ എന്ന് കനത്ത ആശങ്ക പടർന്നിരുന്നു.
ഇറാനെതിരെ നടപടികൾ ശക്തമാക്കാൻ ഇസ്രഈലിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ട്രംപിനു മേൽ സമ്മർദ്ദം ശക്തമാകുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
ഖാസിം സുലൈമാനിയുടെ വധത്തില്‍ ട്രംപിനെതിരെ ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ട്രംപിന് പുറമെ ഡ്രോണ്‍ ആക്രമണം നടത്തിയ 30 പേര്‍ക്കെതിരെയും ഇറാന്‍ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യു.എസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും കേസുമായി മുന്നോട്ട് പോകുമെന്നും നേരത്തെ തന്നെ ഇറാന്‍ പറഞ്ഞിരുന്നു.
ഇറാനിലെ സായുധ സൈന്യമായ റെവല്യൂഷണറി ഗാര്‍ഡിന്റെ കമാന്‍ഡറായ ഖാസിം സുലൈമാനി ഇറാഖില്‍ വെച്ചാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിനൊപ്പം ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള പോപുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് ധപി.എം.എഫ്പ ഡെപ്യൂട്ടി കമാന്‍ഡര്‍ അല്‍ മഹ്ദിയും കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിനു പിന്നാലെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് സുലൈമാനിയെ വകവരുത്താന്‍ ഉത്തരവിട്ടതെന്ന് പെന്റഗണ്‍ അറിയിച്ചിരുന്നു.
2011 ല്‍ സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് സൈനിക പിന്തുണ നല്‍കല്‍, ഇറാഖിലെ ഷിയ സഖ്യവുമായി കൈകോര്‍ക്കല്‍, ലെബനനിലെ ഹിസ്ബൊള്ള സേനയുമായുള്ള സൗഹൃദം തുടങ്ങി തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളുടെ അമരക്കാരനുമായിരുന്നു സുലൈമാനി.
ഇറാന്‍ സേനയായ ഖുദ്സ് ഫോഴ്സിന്റെ തലപ്പത്തേക്ക് 1998 ലാണ് സുലൈമാനി വരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇറാന്റെ പശ്ചിമേഷ്യയിലുള്ള ദ്രുത വളര്‍ച്ചയില്‍ ഇസ്രഈലും സൗദി അറേബ്യയും ആശങ്കയിലായിരുന്നു.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ നിരവധി തവണ ഇദ്ദേഹത്തെ വകവരുത്താന്‍ നിരവധി തവണ ശ്രമങ്ങള്‍ നടന്നിരുന്നു.