ടെഹ്റാന്‍: ഒക്ടോബറില്‍ ഫലസ്തീന്‍ സായുധ സംഘടനയായ ഹമാസ് പ്രത്യാക്രമണം നടത്തിയതോടെ ഇസ്രഈലിന്റെ രാഷ്ട്രീയ-സുരക്ഷാ ഘടന പൂര്‍ണമായും തകര്‍ന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയന്‍. ഇസ്രഈലിന്റെ സുരക്ഷാ സൈറ്റുകള്‍ തകര്‍ക്കുന്നതിലും ഭരണകൂടത്തെ അരക്ഷിതാവസ്ഥയിലാക്കുന്നതിനും ഹമാസ് വിജയിച്ചുവെന്ന് അബ്ദുള്ളാഹിയന്‍ പറഞ്ഞു.
ഹമാസിന്റെ ഈ വിജയത്തിന് സങ്കീര്‍ണമായ ലോകം ദൃക്സാക്ഷികളാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമായ ഒരു ഭരണകൂടത്തിന്റെ അധിനിവേശത്തിനെതിരായ വിമോചന പ്രസ്ഥാനത്തിന്റെ പ്രത്യാക്രമണമാണ് ഓപ്പറേഷന്‍ അല്‍ അഖ്‌സ സ്റ്റോം എന്നും അദ്ദേഹം വ്യക്തമാക്കി.
പരാജയത്തിലേക്ക് അടുത്തുവെന്ന് മനസിലാക്കിയ ഇസ്രഈലി സൈന്യം തങ്ങളുടെ ലക്ഷ്യം ഗസയിലെ തുരങ്കങ്ങള്‍ തകര്‍ക്കുന്നതിലേക്കും ബന്ദികളെ മോചിപ്പിക്കുന്നതിലേക്കും മാറ്റിയെന്നും അബ്ദുള്ളാഹിയന്‍ കൂട്ടിച്ചേര്‍ത്തു. ഇസ്രഈലിലെ ഭരണത്തിലും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പരാജയം നേരിട്ടുവെന്നും നിലവില്‍ ലികുഡ് പാര്‍ട്ടി രാഷ്ട്രീയ പരിഹാരത്തിനുള്ള വഴികള്‍ തേടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഫലസ്തീനികള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിലൂടെ ഇസ്രഈല്‍ തങ്ങളുടെ ലക്ഷ്യമൊന്നും നേടിയിട്ടില്ലെന്നാണ് ഇറാന്റെ ഉന്നത നയതന്ത്രജ്ഞരുടെ വിലയിരുത്തല്‍.
കഴിഞ്ഞ ദിവസം ഗസയിലെ യുദ്ധത്തിന് ശേഷം ഇസ്രഈല്‍ ആഭ്യന്തര സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെറ്റിന്റെ തലവന്‍ റോണന്‍ ബാര്‍ രാജിവെക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഹമാസ് ഒക്ടോബര്‍ 7ന് ഇസ്രഈലില്‍ നടത്തിയ പ്രത്യാക്രമണത്തിന് കാരണമായ മുന്നറിയിപ്പുകളില്‍ കൃത്യമായ ശ്രദ്ധ പുലര്‍ത്താതിരുന്നത് തന്റെ പിഴവാണെന്ന് ചൂണ്ടിക്കാട്ടിയാണ് റോണന്‍ ബാര്‍ രാജിവെക്കുന്നതെന്നാണ് സൂചന.