ടെഹ്‌റാന്‍: പശ്ചിമേഷ്യയില്‍ ഇസ്രഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. കൗണ്‍സിലിന്റെ 57ാമത് റെഗുലര്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രഈലിന്റെ ക്രൂരതകള്‍ക്ക് മുന്നില്‍ ലോകത്തിന് നിശബ്ദമായിരിക്കാനാകില്ലെന്നും ആശയവിനിമയ ഉപകരണങ്ങളെ പോലും യുദ്ധത്തിനുള്ള ആയുധങ്ങളായി കാണുന്ന ഇസ്രഈലിന്റെ നടപടി മനുഷ്യ ജീവനോടുള്ള അവരുടെ അവജ്ഞയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയില്‍ ഇസ്രഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകള്‍ യുദ്ധകുറ്റങ്ങളുടെയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ലംഘനത്തിന്റെയും മൂര്‍ത്തീഭാവമാണെന്നും അബ്ബാസ് അരാഗ്ചി കുറ്റപ്പെടുത്തി. വംശഹത്യയുടെ വംശീയ ഉന്‍മൂലനത്തിന്റെയും ഏറ്റവും വലിയ ഉദാഹരണങ്ങളാണ് ഫലസ്തീനില്‍ ഇസ്രഈലിന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗസയില്‍ നിന്ന് വെസ്റ്റ് ബാങ്കിലേക്ക് ഇസ്രഈല്‍ ക്രൂരതകള്‍ വ്യാപിച്ചപ്പോള്‍ കുറ്റകൃത്യം മറ്റൊരു തലത്തിലേക്ക് മാറിയെന്നും 42000ലധികം പേര്‍ അവിടെ കൊല്ലപ്പെട്ടപ്പോള്‍ അവരില്‍ ഭൂരിഭാഗവും നിരപരാധികളായ സ്ത്രീകളും കുട്ടികളുമാണെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയില്‍ ഇസ്രഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മേഖലയില്‍ ഇതിലും വലിയ ദുരന്തങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആശങ്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.
ലോകം നിഷ്‌ക്രിയമായിരിക്കുന്ന ഓരോ നിമിഷവും പശ്ചിമേഷ്യയിലാകെയും പ്രത്യേകിച്ച് ഫലസ്തീനിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന നിരപരാധികളുടെ മരണത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഈ ക്രൂരതക്ക് മുന്നില്‍ ലോകത്തിന് നിഷ്‌ക്രിയമായിരിക്കാന്‍ കഴിയില്ലെന്നും പ്രതികരണം ഏറ്റവും വേഗത്തിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിന്റെ പ്രതികരണം വേഗത്തിലാക്കണമെന്നത് കേവലം പ്രതീക്ഷ മാത്രമല്ലെന്നും അത് ധാര്‍മികമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ലോകരാജ്യങ്ങളോടായി പറഞ്ഞു. യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലടക്കം എല്ലാ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും ഇസ്രഈലിന്റെ ക്രൂരതയെ അപലപിക്കുന്നുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
അധിനിവേശ മേഖലകളില്‍ ഇസ്രഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരതകളെ കുറിച്ച് അന്വേഷിക്കാന്‍ ഒരു അന്താരാഷ്ട്ര സംവിധാനം നിലവില്‍ വരേണ്ടതുണ്ടെന്നും ലഭ്യമായ എല്ലാ മാനുഷിക സഹായങ്ങളും അതു വഴി ലഭ്യമാക്കേണ്ടതുണ്ടെന്നും അബ്ബാസ് അരാഗ്ചി ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര, ദേശീയ കോടതികളില്‍ ഇസ്രഈലിന്റെ ക്രൂരതകള്‍ വിചാരണ ചെയ്യപ്പെടുന്നതിനായി അന്താരാഷ്ട്ര സമൂഹം മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഗസയിലും റഫയിലും പശ്ചിമേഷ്യയിലെ വിവിധ മേഖലകളിലും ഇസ്രഈല്‍ ഭരണകൂടം പ്രവര്‍ത്തിപ്പിക്കുന്ന കൊലയാളി യന്ത്രത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് ആഹ്വാനത്തിനുള്ള സമയമല്ലെന്നും നിര്‍ണായക പ്രവര്‍ത്തനത്തിനുള്ള സമയമാണെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി യു.എന്‍. മനുഷ്യാവകാശ കൗണ്‍സിലില്‍ ഓര്‍മപ്പെടുത്തി.
content highlights: The world cannot be silent, Israel must stop the killing machine in the West; Iran’s foreign minister Abbas Araghchi at the U.N Human Rights Council