| Friday, 9th December 2022, 11:41 pm

പ്രതിഷേധക്കാര്‍ക്കെതിരെ നടപടികളുമായി മുന്നോട്ട് പോകും; യുവാവിന്റെ വധശിക്ഷയില്‍ ഇറാന്‍ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത യുവാവിനെ തൂക്കിലേറ്റിയതില്‍ പ്രതികരണവുമായി ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി.

പ്രതിഷേധക്കാര്‍ക്കെതിരെ സുരക്ഷാ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഇബ്രാഹിം റെയ്‌സി ആഹ്വാനം ചെയ്തു. പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരുടെ അനുശോചന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇറാനിലെ സുരക്ഷാ സേന ഉദ്യോഗസ്ഥരുടെ രക്തസാക്ഷിത്വത്തിന് കാരണമായവരുടെ വിചാരണയും ശിക്ഷയും, കുറ്റവാളികളെ തിരിച്ചറിയല്‍ എന്നിവ നിശ്ചയദാര്‍ഢ്യത്തോടെ പിന്തുടരും,’ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ട സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥരുടെ അനുശോചന ചടങ്ങില്‍ ഇബ്രാഹിം റെയ്‌സി പറഞ്ഞതായി റോയിട്ടേഴ്‌സ് ഇറാനിലെ മാധ്യമങ്ങളെ ഉദ്ദരിച്ചുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ സെപ്റ്റംബര്‍ 25ന് ഇറാനിലെ സത്താര്‍ ഖാന്‍ തെരുവില്‍ ഹിജാബ് വിരുദ്ധ സമരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ വടിവാള്‍ കൊണ്ട് ആക്രമിച്ച് പരിക്കേല്‍പിച്ചെന്ന ആരോപണത്തിലാണ് 23 കാരനായ മുഹ്‌സിന്‍ ശികാരിയെ ഇറാന്‍ സര്‍ക്കാര്‍ തൂക്കിലേറ്റിയത്.

മുഹ്‌സിന്‍ ശികാരിയെ തൂക്കിലേറ്റിയതായി ജുഡീഷ്യറിയുടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താനും ക്രമസമാധാനം തകര്‍ക്കാനുമാണ് പ്രതി തുനിഞ്ഞതെന്നാണ് മുഹ്‌സിന്‍ ശികാരിയുടെ വധശിക്ഷ നടപ്പാക്കിക്കൊണ്ട് കോടതി പറഞ്ഞത്.

എന്നാല്‍, വിചാരണ പ്രഹസനത്തിലൂടെ മുഹ്‌സിന്‍ ശികാരിയെ വധശിക്ഷക്ക് വിധിച്ചത് അന്താരാഷ്ട്രതലത്തില്‍ പ്രത്യാഘാതമുണ്ടാക്കുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ പ്രതികരിച്ചു.

ശികാരിയെ ഇറാന്‍ പൊലീസ് ശാരീരികമായി പീഡിപ്പിക്കുകയും കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.

ഇറാന്‍ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമീനിയുടെ മരണത്തിനുശേഷം രാജ്യത്തെമ്പാടും പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇറാനില്‍ നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്.

ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങളുടെ ഭാഗമായി ഇതിനകം 11 പേര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിട്ടുണ്ട്.

അതേസമയം, ഇറാനിയന്‍ വനിത മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തെത്തുടര്‍ന്നാണ് രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമായത്. രാജ്യത്തിപ്പോള്‍ നടക്കുന്ന ഭരണകൂടത്തിനെതിരായ ജനാധിപത്യ പ്രക്ഷോഭങ്ങള്‍ അടുത്ത കാലത്തായി ലോകം കണ്ട ഏറ്റവും വലിയ പ്രക്ഷോഭങ്ങളിലൊന്നാണ്.

സെപ്തംബര്‍ 17നായിരുന്നു മഹ്സ അമിനി എന്ന 22 വയസ്സുകാരി ഇറാന്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടത്. ശിരോവസ്ത്രം ശരിയായ രീതിയില്‍ ധരിച്ചില്ലെന്നും ഹിജാബ് നിയമം ലംഘിച്ചെന്നും ആരോപിച്ചാണ് മഹ്സയെ ടെഹ്റാനില്‍ നിന്ന് ഇറാന്‍ സദാചാര പോലീസ് അറസ്റ്റ് ചെയ്തത്.

പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി മരിക്കുകയായിരുന്നു.

ഇതിന് പിന്നാലെ ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധം ഉടലെടുക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകരുമെല്ലാം അണിനിരന്ന സമരത്തില്‍ സ്ത്രീകള്‍ ഹിജാബുകള്‍ കത്തിച്ചായിരുന്നു പ്രതിഷേധിച്ചിരുന്നത്.

‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് ആയിരക്കണക്കിന് പേര്‍ തെരുവുകളിലിറങ്ങിയത്. ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പ്രതിഷേധങ്ങളിലൊന്നിനാണ് പിന്നീട് ഇറാന്‍ സാക്ഷ്യം വഹിച്ചത്.

സമരത്തിനെതിരെ കടുത്ത അടിച്ചമര്‍ത്തല്‍ നടപടികളായിരുന്നു ഇറാന്‍ സര്‍ക്കാര്‍ സ്വീകരിച്ചത്. പ്രതിഷേധക്കാര്‍ക്കെതിരെ വെടിവെപ്പടക്കം നടന്നിരുന്നു. സമരത്തെ തുടര്‍ന്ന് 300ലേറെ പേരാണ് കൊല്ലപ്പെട്ടതെന്നാണ് ഇറാനിയന്‍ ജനറല്‍ കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്തുവിട്ട കണക്കില്‍ പറയുന്നത്.

എന്നാല്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലേറെയാണെന്നാണ് നിരവധി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നത്. നിരവധി പേരെ ജയിലിലടക്കുകയും ചെയ്തിരുന്നു.

Content Highlight: Iran’s Ebrahim Raisi vows to pursue crackdown on protesters after execution

We use cookies to give you the best possible experience. Learn more