| Tuesday, 4th October 2022, 4:52 pm

പൊലീസും സമരക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പുതിയ കേന്ദ്രമായി ഇറാനിലെ ക്യാമ്പസുകള്‍; വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് നേരെ അടിച്ചമര്‍ത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്‌സ അമിനി എന്ന യുവതി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇറാനില്‍ നടക്കുന്ന പ്രതിഷേധസമരങ്ങള്‍ മൂന്നാമാഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ പൊലീസും സമരക്കാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പുതിയ കേന്ദ്രമായി ഇറാനിലെ ക്യാമ്പസുകളും സര്‍വകലാശാലകളും മാറിയിരിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇറാനിലെ ശരീഫ് സര്‍വകലാശാലാ ക്യാമ്പസില്‍ ഞായറാഴ്ച രാത്രി വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

മഹ്‌സ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച സ്റ്റുഡന്റ് ആക്ടിവിസ്റ്റുകളുടെ അറസ്റ്റിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ കുത്തിയിരിപ്പ് സമരത്തിന്റെ രണ്ടാം ദിവസമായിരുന്നു ഈ ഞായറാഴ്ച. ഇതിനിടയിലേക്കാണ് പൊലീസ് അതിക്രമിച്ച് കയറിയത്.

പൊലീസും ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അംഗങ്ങളും ചേര്‍ന്ന് കുത്തിയിരിപ്പ് സമരം നടത്തിയ വിദ്യാര്‍ത്ഥികളെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

ക്യാമ്പസിന് പുറത്ത് പൊലീസ് സര്‍വകലാശാല വളയുകയും പ്രവേശന കവാടങ്ങള്‍ അടയ്ക്കുകയും ചെയ്തു.

സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ഏറ്റവും പുതിയ നീക്കത്തിന്റെ ഭാഗമായാണ് ക്യാമ്പസുകളില്‍ കുത്തിയിരിപ്പ് സമരങ്ങളും പ്രകടനങ്ങളും നടത്തുന്ന വിദ്യാര്‍ത്ഥികളെ ആക്രമിക്കാന്‍ ഇറാനിയന്‍ അധികാരികള്‍ പൊലീസിനെയും അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചിരിക്കുന്നത്.

കുറഞ്ഞത് 30 വിദ്യാര്‍ത്ഥികളെയെങ്കിലും പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ രാജ്യത്തെ നിയമപ്രകാരം പൊലീസിനോ സായുധ സേനക്കോ യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ പ്രവേശിക്കാന്‍ അധികാരമില്ല.

രാജ്യത്തെ പ്രക്ഷോഭങ്ങള്‍ക്ക് നേരെ സുരക്ഷാ സേന നടത്തുന്ന അടിച്ചമര്‍ത്തല്‍ നടപടികളില്‍ ഇതുവരെ കുറഞ്ഞത് 133 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന നോര്‍വേ ബേസ്ഡ് ഗ്രൂപ്പിനെ ഉദ്ധരിച്ചുകൊണ്ട് ബി.ബി.സിയും മിഡില്‍ ഈസ്റ്റ് ഐയും അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ രണ്ട് വരെയുള്ള കണക്കാണിത്.

എന്നാല്‍ ഔദ്യോഗിക കണക്കുകളില്‍ മരണസംഖ്യ 40ന് മുകളില്‍ മാത്രമാണ്.

പ്രക്ഷോഭത്തില്‍ ഇതുവരെ 1,500ലധികം അറസ്റ്റിലായിട്ടുണ്ട്. അമിനിയുടെ മരണത്തെ തുടര്‍ന്നാണ് പ്രക്ഷോഭം ആരംഭിച്ചതെങ്കിലും രാജ്യത്തെ വിലക്കയറ്റം, തൊഴിലില്ലായ്മ, രാഷ്ട്രീയമായ അടിച്ചമര്‍ത്തല്‍ എന്നീ വിഷയങ്ങളും ഇതില്‍ ചര്‍ച്ചയാകുന്നുണ്ട്.

അതേസമയം രാജ്യത്ത് നടക്കുന്ന പ്രക്ഷോഭ സമരങ്ങളിന്മേല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്.

മഹ്‌സ അമിനി കൊല്ലപ്പെട്ടത് ഹൃദയഭേദകമാണെന്നും എന്നാല്‍ രാജ്യത്ത് ഭരണകൂടത്തിനെതിരെ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയും ഇസ്രഈലുമാണെന്നുമാണ് ഖമനയി പറയുന്നത്.

ഇറാന്റെ ബദ്ധ വൈരികളായ രാജ്യങ്ങളും അവരുടെ സഖ്യരാജ്യങ്ങളും ചേര്‍ന്നാണ് രാജ്യത്ത് കലാപത്തിന് ആസൂത്രണം ചെയ്തതെന്നും സകല മേഖലകളിലും ഇറാന്‍ മുന്നേറുന്നതും ശക്തി പ്രാപിക്കുന്നതും കണ്ട് സഹിക്കാന്‍ പറ്റാതെയാണ് ഇവര്‍ ഇത് ചെയ്തതെന്നും ഖമനയി ആരോപിക്കുന്നു.

”സദാചാര വിചാരണക്കിടെ മഹ്സ അമിനി കൊല്ലപ്പെട്ടത് ഹൃദയഭേദകമായ വാര്‍ത്തയാണ്. മരണത്തില്‍ ദുഖമുണ്ട്. വിദേശ ശക്തികളുടെ പ്രേരണയാല്‍ പ്രക്ഷോഭം നടത്തുന്നത് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ്.

ഈ പ്രക്ഷോഭം ആസൂത്രിതമാണ്. അമേരിക്കയും സയണിസ്റ്റ് ഭരണകൂടവും അവരുടെ ഏജന്റുമാരുമാണ് ഇതിന് പിന്നില്‍.

ഒരു തെളിവും അന്വേഷണവുമില്ലാതെ ചിലര്‍ തെരുവുകളെ അപകടകരമാക്കുകയും ഖുര്‍ആന്‍ കത്തിക്കുകയും പര്‍ദ്ദ ധരിച്ച സ്ത്രീകളില്‍ നിന്ന് ഹിജാബ് അഴിച്ചെടുക്കുകയും പള്ളികള്‍ക്കും പൊലീസ് വാഹനങ്ങള്‍ക്കും തീയിടുകയും ചെയ്തു. ഇത് ഒരിക്കലും സാധാരണമല്ല, അംഗീകരിക്കാനാവില്ല,” ഖമനയി പറഞ്ഞു.

പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന ഇറാനിയന്‍ സുരക്ഷാ സേനയെ പിന്തുണച്ചുകൊണ്ടും ഖമനയി സംസാരിച്ചു. രാജ്യത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളില്‍ ഇറാനിയന്‍ സൈന്യത്തിന് വലിയ അനീതി നേരിടേണ്ടിവരുന്നുവെന്നാണ് ഖമനയി പറഞ്ഞത്.

”ഇറാന്‍ എന്ന രാഷ്ട്രത്തിന്റെ സുരക്ഷ ഉറപ്പാക്കുകയാണ് പൊലീസ് ഉള്‍പ്പെടെയുള്ള നമ്മുടെ സുരക്ഷാ സേനകളുടെ കടമ. പൊലീസിനെ ആക്രമിക്കുന്നവര്‍ ഇറാനിയന്‍ പൗരന്മാരെ കൊള്ളക്കാര്‍ക്കെതിരെ പ്രതിരോധമില്ലാത്തവരാക്കുകയാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച നടന്ന ഇറാനി പൊലീസ്, സായുധ സേന കേഡറ്റുകളുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ക്കിടയിലും രാജ്യവ്യാപക പ്രതിഷേധം മൂന്നാമാഴ്ചയിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടിയാണ് അദ്ദേഹം പ്രതികരിച്ചത്.

ഇറാനിലെ സാക്വസ് സ്വദേശിയായ മഹ്‌സ അമിനി ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ച് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയായിരുന്നു കൊല്ലപ്പെട്ടത്. പിന്നാലെ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നു.

ഹിജാബ് ഡ്രസ് കോഡ് പാലിച്ചില്ലെന്നാരോപിച്ചായിരുന്നു സദാചാര പൊലീസ് 22കാരിയായ അമിനിയെ അറസ്റ്റ് ചെയ്തത്. ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി കൊല്ലപ്പെടുകയായിരുന്നു.

പൊലീസ് വാനില്‍ വെച്ച് മഹ്സയെ പൊലീസ് മര്‍ദിച്ചതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ, ഇറാനെതിരെ യൂറോപ്യന്‍ യൂണിയന്‍ ഉപരോധമേര്‍പ്പെടുത്തണമെന്ന തരത്തില്‍ ജര്‍മന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചതും വലിയ വാര്‍ത്തയായിരുന്നു.

Content Highlight: Iran’s campuses become new ground of conflict between police and protesters following Mahsa Amini’s death 

We use cookies to give you the best possible experience. Learn more