റഈസിയുടെ ഹെലികോപ്റ്റർ അപകട മരണം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് ഇറാൻ
World News
റഈസിയുടെ ഹെലികോപ്റ്റർ അപകട മരണം; പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് ഇറാൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2024, 11:54 am

ടെഹ്‌റാന്‍: പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ട് ഇറാന്‍. ഇറാന്‍ സായുധ സേനയാണ് അപകടത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയത്.

ഇറാനിലെ വാര്‍ത്താ ഏജന്‍സിയായ തസ്‌നിമാണ് വാര്‍ത്ത പുറത്തുവിട്ടതെന്ന് സിയാസത്ത് റിപ്പോർട്ട് ചെയ്തു. അപകടം നടന്നതിന് ശേഷം തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിച്ച അന്വേഷണ സംഘം ഹെലികോപ്റ്റര്‍ അവശിഷ്ടങ്ങള്‍ പരിശോധിച്ചു.

അപകടത്തിന് മുമ്പ് ഹെലികോപ്റ്റര്‍ മുന്‍ നിശ്ചയിച്ച വഴികളിലൂടെ തന്നെയാണ് സഞ്ചരിച്ചതെന്നും അതില്‍ വ്യത്യാസമൊന്നും ഉണ്ടായിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്നതിന്റെ ഒരു മിനിറ്റ് മുമ്പ് തകര്‍ന്ന ഹെലിക്കോപ്റ്ററിന്റെ പൈലറ്റ് അകമ്പടിയായി വന്ന മറ്റ് ഹെലികോപ്റ്ററുകളിലെ പൈലറ്റുമാരുമായി ആശയവിനിമയം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഹെലിക്കോപ്റ്റര്‍ അവശിഷ്ടങ്ങളില്‍ നിന്ന് വെടിയുണ്ടകളോ മറ്റ് സ്‌ഫോടക വസ്തുക്കളോ പതിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് സിയാസത്ത് റിപ്പോര്‍ട്ട് ചെയ്തു.

മലമുകളില്‍ ഇടിച്ച് ഹെലികോപ്റ്ററിന് തീ പിടിച്ചെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂടല്‍ മഞ്ഞും മോശം കാലാവസ്ഥയും കാരണം രക്ഷാ പ്രവര്‍ത്തനം ഒരു ദിവസം നീണ്ടു നിന്നിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം അഞ്ച് മണിക്ക് ഡ്രോണുകളുടെ സഹായത്തോടയൊണ് അപകടം നടന്ന സ്ഥലം തിരിച്ചറിഞ്ഞത്. ഹെലികോപ്റ്ററിലെ ജീവനക്കാരുടെ സംഭാഷണത്തില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദമായ അന്വേഷണങ്ങള്‍ക്ക് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ഞായറാഴ്ചായാണ് റഈസിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ടത്. റഈസിക്കൊപ്പം ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീറബ്ദുല്ലഹ്‌യാനും അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മിലിക് റഹ്മത്തി, അയത്തുള്ള അലി ഖമനൈനിയുടെ പ്രതിനിധി ആയത്തുള്ള മുഹമ്മദ് അലി ആലു ഹാഷി എന്നിവരുമാണ് റഈസിക്കൊപ്പം ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

റഈസിയുടെ ഖബറടക്കം വ്യാഴാഴ്ച ഇറാനിൽ നടന്നു. ഇറാൻ-അസർബൈജാൻ പ്രവിശ്യയിലെ ഒരു അണക്കെട്ട് ഉദ്ഘാടനത്തിൽ അസർബൈജാൻ പ്രസിഡന്റ് ഇൽഹഹം അലിയേവിനൊപ്പം പങ്കെടുത്ത് മടങ്ങുമ്പോഴാണ് ഹെലികോപ്റ്റർ അപടകത്തിൽ പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകളുണ്ടായിരുന്ന സംഘത്തിൽ ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽപെട്ടത്.

കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലെ വർസഖാൻ, ജോൽഫ നഗരങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ദിസ്മർ വനത്തിലാണ് അപകടം നടന്നത്.

Content Highlight: Iran releases 1st investigation report on President Raisi’s helicopter crash