ടെഹ്‌റാന്‍: ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സൗദി അറേബ്യയെക്കൂടി ഉള്‍പ്പെടുത്തണമെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിര്‍ദേശം തള്ളി ഇറാന്‍. നേരത്തെ നിശ്ചയിച്ച കരാറിലെ വ്യവസ്ഥകള്‍ക്ക് അപ്പുറത്തുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്.
” ആണവകരാറില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗീകരിച്ച ബഹുരാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട അന്താരാഷ്ട്ര കരാറാണ്. അതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ സാധ്യമല്ല. അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന കക്ഷികള്‍ ആരെല്ലാമാണ് എന്നതും വ്യക്തമാണ്. ഇനി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കില്ല,” ഇറാന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.
ജെ.പി.സി.ഒ.എ കരാറിലേക്ക് തിരികെയെത്താനും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാനും ഫെബ്രുവരി 21ന് അപ്പുറം സമയം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അനുവദിക്കില്ലെന്ന് ഇറാന്‍ നേരത്തെ അറിയിച്ചിരുന്നു.
നിര്‍ദേശം അമേരിക്ക അംഗീകരിച്ചില്ലെങ്കില്‍ ഐക്യരാഷ്ട്രസഭയുടെ ഉദ്യോഗസ്ഥര്‍ക്ക് ഇറാന്റെ ആണവ സൈറ്റുകള്‍ പരിശോധിക്കാന്‍ അനുമതി നല്‍കില്ലെന്നും ഇറാന്റെ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇതിനുപുറമെ യുറേനിയം സമ്പൂഷ്ടീകരണം വര്‍ദ്ധിപ്പിക്കാനും തീരുമാനമെടുക്കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു.
നേരത്തെ യു.എസ് ആണവകരാറില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെ ഇറാന്‍ യുറേനിയം സമ്പൂഷ്ടീകരണം 20 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. ഇറാന്റെ ആണവശാസ്ത്രജ്ഞനായ ഫക്രീസാദിയുടെ കൊലപാതകത്തിന് പിന്നാലെയും യുറേനിയും സമ്പുഷ്ടീകരണം കൂട്ടുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു. ഉപരോധം അവസാനിപ്പിക്കാത്ത പക്ഷം യുറേനിയം സമ്പൂഷ്ടീകരണം ഇനിയും കൂട്ടുമെന്നാണ് ഇറാന്‍ പറയുന്നത്.
2015ലെ ആണവകരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നതുവരെ ഇറാനേര്‍പ്പെടുത്തിയ ഉപരോധം നീക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ പറഞ്ഞിരുന്നു.
ജൂണില്‍ ഇറാനില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഇറാന്‍ ആണവകരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നതില്‍ ഇനിയും സമയമെടുത്തേക്കാമെന്ന് ബ്ലിങ്കണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.
2015ല്‍ ഒബാമയുടെ ഭരണകാലത്ത് ജോ ബൈഡന്‍ വൈസ് പ്രസിഡന്റായിരിക്കുന്ന കാലത്താണ് അമേരിക്കയും ഇറാനും തമ്മില്‍ ആണവകരാറില്‍ ഏര്‍പ്പെടുന്നത്.
ജോയിന്റ് കോപ്രഹന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെ.സി.പി.ഒ.എ) എന്ന് വിളിച്ച കരാറില്‍ നിന്ന് 2018ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ഇറാന് അമേരിക്ക ഉപരോധവും ഏര്‍പ്പെടുത്തിയിരുന്നു.