| Saturday, 13th April 2024, 8:00 pm

മുള്‍മുനയില്‍ പശ്ചിമേഷ്യ; ഇസ്രഈലിനെതിരെ 100ലധികം മിസൈലുകള്‍ ഇറാന്‍ വിന്യസിച്ചതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെഹ്‌റാന്‍: ഇസ്രഈലിനെതിരെ ആക്രമണം നടത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ 100ലധികം ക്രൂയിസ് മിസൈലുകളുമായി ഇറാന്‍ ആക്രമണത്തിന് തയ്യാറെടുത്തതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇരു രാജ്യങ്ങള്‍ തമ്മില്‍ പരസ്പര വെല്ലുവിളികളുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് അമേരിക്കയും കൂടുതല്‍ യുദ്ധക്കപ്പലുകള്‍ വിന്യസിച്ചതായാണ് റിപ്പോര്‍ട്ട്.

കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ രണ്ട് യു.എസ് നേവി ഡിസ്‌ട്രോയറുകള്‍ വിന്യസിച്ചതായും ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാനുള്ള സൗകര്യമുള്ള കപ്പലുകളാണ് ഇവയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്റെ നയതന്ത്ര കേന്ദ്രത്തിന് നേരെ ഏപ്രില്‍ ഒന്നിന് നടന്ന ആക്രമണത്തിന് പിന്നാലെ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രഈലിന് ഇതിന് തിരിച്ചടി നല്‍കുമെന്ന് ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ പ്രതികരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കൂടുതല്‍ തയ്യാറെടുപ്പുകള്‍ ഇറാന്‍ നടത്തുന്നതായി വാര്‍ത്തകള്‍ പുറത്ത് വരുന്നത്. നടപടിയെ പ്രതിരോധിക്കുമെന്ന് അമേരിക്ക ഇന്ന് പ്രതികരിച്ചിരുന്നു. ഇസ്രഈല്‍ ആക്രമിക്കപ്പെട്ടാല്‍ ശക്തമായി പ്രതിരോധിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞത്. യുദ്ധത്തിന് മുതിരരുതെന്ന് ഇറാന് അമേരിക്ക മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ഏത് തരം ആക്രമണങ്ങളെയും നേരിടാന്‍ തയ്യാറാണെന്നാണ് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. അതിനിടെ, ഇസ്രഈലിന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ പിടിച്ചെടുത്തതായി ഇറാന്‍ അറിയിച്ചിരുന്നു. കപ്പലില്‍ മലയാളികളുള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ ഉണ്ടെന്നാണ് വിവരം.

Content Highlight: Iran readies ‘100 cruise missiles’ for possible retaliation against Israel

Latest Stories

We use cookies to give you the best possible experience. Learn more