| Wednesday, 30th November 2022, 10:48 pm

ഇറാന്‍ ടീമിന്റെ തോല്‍വി ആഘോഷിച്ച് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍; ടെഹ്‌റാനിലടക്കം പടക്കം പൊട്ടിച്ച് ആഘോഷം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഖത്തർ ലോകകപ്പ് ഗ്രൂപ്പ്‌ സ്റ്റേജിൽ നിന്നുള്ള ഇറാന്റെ പുറത്താകൽ ആഘോഷിക്കുകയാണ് ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകർ. യു.എസ്.എ യുമായുള്ള ഇറാന്റെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയം ഏറ്റുവാങ്ങിയതോടെ ഇറാന്റെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിക്കുകയായിരുന്നു.

ഇറാന്‍ ഫുട്‌ബോള്‍ ടീം സര്‍ക്കാരിന്റെ നിലപാടുകളെ എതിര്‍ത്തു കൊണ്ട് ആദ്യ മത്സരത്തില്‍ ലോകകപ്പ് വേദിയില്‍ ദേശീയ ഗാനം ആലപിക്കാതെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

ഇറാനിലെ സാഹചര്യങ്ങള്‍ മോശമാണെന്നും ഖത്തറിലെ തങ്ങളുടെ മത്സരം ഇറാനിലെ പോരാടുന്ന ജനതക്ക് സമര്‍പ്പിക്കുന്നുവെന്നും അവര്‍ക്ക് വേണ്ടി തങ്ങള്‍ക്ക് ഗോള്‍ നേടേണ്ടതുണ്ടെന്നുമായിരുന്നു ഇറാന്‍ ടീം ക്യാപ്റ്റന്‍ ഇഹ്‌സാന്‍ ഹജ്‌സഫി പറഞ്ഞിരുന്നത്.

ഇതിനെ തുടര്‍ന്ന് കളിക്കാരുടെ കുടുംബങ്ങള്‍ക്കടക്കം സര്‍ക്കാര്‍ അനുകൂലികളില്‍ നിന്നും ഭീഷണി നേരിടുന്നതായി വിവിധ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആദ്യ മത്സരത്തില്‍ ദേശീയ ഗാനം ആലപിക്കാതിരുന്ന ടീം രണ്ടാം മത്സരത്തില്‍ ദേശീയ ഗാനം ആലപിച്ചിരുന്നു. ഇതോടെ സര്‍ക്കാര്‍ ടീമിനെ വിലക്കെടുത്തു എന്ന ആരോപണം സമരക്കാരുടെ ഭാഗത്ത് നിന്നുമുണ്ടായി.

അതുകൊണ്ട് തന്നെ, ഇറാന്‍ ഫുട്‌ബോള്‍ ടീമിനെ സര്‍ക്കാര്‍ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ ഇപ്പോള്‍ ഇറാന്‍ ടീമിന്റെ തോല്‍വി ആഘോഷിക്കുന്നത്. യു.എസുമായുള്ള മത്സരത്തിന്റെ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ ടെഹ്‌റാന്‍ അടക്കമുള്ള പല നഗരങ്ങളിലും ജനങ്ങള്‍ പടക്കം പൊട്ടിച്ചും ഹോണ്‍ മുഴക്കിയും പാട്ടുകള്‍ പാടിയുമാണ് ആഘോഷത്തിന് തുടക്കമിട്ടത്.

ദേശീയ ടീമിന്റെ പരാജയം ആഘോഷിക്കുമ്പോഴും പ്രക്ഷോഭങ്ങളെ പിന്തുണച്ച ഇറാനിയന്‍ താരങ്ങളുടെ സുരക്ഷയില്‍ പ്രക്ഷോഭകര്‍ ആശങ്കയിലാണെന്നാണ് ബി.ബി.സിയടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹിജാബ് ധരിച്ചില്ല എന്ന കാരണത്താൽ സദാചാര പോലീസിന്റെ മർദനത്തിൽ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ ജന്മദേശമായ കുർദിഷ് പ്രവിശ്യയായ വടക്ക് പടിഞ്ഞറൻ പ്രവിശ്യകളിലാണ് പ്രതിഷേധം കൂടുതൽ ശക്തമാകുന്നത്. മഹ്സയുടെ ജന്മസ്ഥലമായ സക്കാസ് നഗര ചത്വരത്തിൽ നിരവധി പ്രക്ഷോഭകാരികളാണ് ഇറാന്റെ തോൽവി ആഘോഷിക്കാൻ ഒത്തുകൂടിയത്.

“സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം” എന്നിവയാണ് പ്രക്ഷോഭകാരികൾ ഉയർത്തുന്ന പ്രധാന മുദ്രാവാക്യം. ഇറാന്റെ മുൻ ഫുട്ബോൾ താരം പർവിസ് ബോറോമാന്ദ്, ഏഷ്യൻ മറഡോണ എന്നറിയപ്പെട്ടിരുന്ന ഇറാൻ ഫുട്ബോൾ ഇതിഹാസം അലി കരീമി തുടങ്ങിയവരടക്കം നിരവധി പ്രമുഖർ സർക്കാർ വിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ ജയിലിലടക്കപ്പെട്ടിരുന്നു.

Content Highlights:iran protesters celebrate iran’s defeat against u.s.a

We use cookies to give you the best possible experience. Learn more