| Wednesday, 22nd November 2023, 12:07 pm

ഇസ്രഈല്‍ സൈന്യത്തെ ബ്രിക്സ് തീവ്രവാദ സംഘടനയായി മുദ്രകുത്തണം: ഇറാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഫലസ്തീന് നേരെ ഇസ്രഈല്‍ നടത്തുന്ന ക്രൂരമായ ആക്രമണത്തില്‍ ബ്രിക്‌സ് നേതാക്കള്‍ ഇസ്രഈലിനെ ഭീകര സംഘടനയായി മുദ്രകുത്തണമെന്നും ഇസ്രഈല്‍ ഭരണകൂടമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിക്കണമെന്നും ആവശ്യപ്പെട്ട് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി . ദക്ഷിണാഫ്രിക്കയില്‍ നടന്ന വെര്‍ച്വല്‍ ബ്രിക്സ് ഉച്ചകോടിയില്‍ സമര്‍പ്പിച്ച ഏഴ് നിര്‍ദേശങ്ങളിലായിരുന്നു റഈസി യുടെ പരാമര്‍ശം.

വ്യാജ ഭരണകൂടമായ ഇസ്രഈലിനെ തീവ്രവാദ ഭരണകൂടമായും അവരുടെ സൈന്യത്തെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കേണ്ടത് നിലവിലെ സാഹചര്യത്തില്‍ അത്യാവശ്യമാണെന്നും ഇബ്രാഹിം റഈസി ചൂണ്ടിക്കാട്ടി. സാധാരണ ജനങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ നിരോധിത ആയുധങ്ങള്‍ ഉപയോഗിച്ചതും വൈറ്റ് ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിച്ചതടക്കമുള്ള അന്വേഷണത്തില്‍ ബ്രിക്‌സ് നേതാക്കള്‍ സഹകരിക്കണമെന്നും പിന്തുണ നല്‍കണമെന്നും ഇബ്രാഹിം റഈസി പറഞ്ഞു.

ഫലസ്തീനിലെ ഇസ്രഈല്‍ ഉപരോധം തകര്‍ക്കാനും 2.3 ദശലക്ഷത്തോളം വരുന്ന ആളുകള്‍ക്ക് മാനുഷിക സഹായം എത്തിക്കാനും ബ്രിക്സ് അംഗങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംയുക്തമായി നടത്തണമെന്നും റഈസി ആവശ്യപ്പെട്ടു. ഇസ്രഈല്‍ ഭരണകൂടം കൈവശപ്പെടുത്തിയ ഫലസ്തീന്‍ ഭൂമി മോചിപ്പിക്കണമെന്നും സ്വയം പ്രതിരോധിക്കാനുള്ള ഫലസ്തീന്‍ രാഷ്ട്രത്തിന്റെ അവകാശം അംഗീകരിക്കണമെന്നും ഇറാന്‍ പ്രസിഡന്റ് ബ്രിക്‌സ് നേതാക്കളോട് പറഞ്ഞു.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ (ഐ.സി.സി) ഇസ്രഈലിനെതിരെ പരാതി നല്‍കാനുള്ള ബ്രിക്സ് രാജ്യങ്ങളുടെ നീക്കത്തെ ഇറാന്‍ പിന്തുണക്കുമെന്നും ഇബ്രാഹിം റഈസി വ്യക്തമാക്കി. ലോകത്തിലെ എല്ലാ സ്വതന്ത്ര രാജ്യങ്ങളും പ്രത്യേകിച്ച് ബ്രിക്‌സ് അംഗങ്ങളും ഇസ്രഈലുമായുള്ള രാഷ്ട്രീയവും സാമ്പത്തികവും സൈനികവുമായ ബന്ധങ്ങള്‍ വിച്ഛേദിക്കുന്നതിനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുവെന്ന് അദ്ദേഹം പറഞ്ഞു.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ അഞ്ച് രാജ്യങ്ങളുടെ പേരുകളുടെ തുടക്കത്തിലുള്ള അക്ഷരങ്ങളെയാണ് ബ്രിക്സ് അര്‍ത്ഥമാക്കുന്നത്. പാശ്ചാത്യ ആധിപത്യത്തെ ചെറുക്കുന്നതിനായി രൂപീകരിച്ച ബ്രിക്‌സില്‍ പിന്നീട് ഇറാനും മറ്റു അഞ്ച് രാജ്യങ്ങളും ചേര്‍ന്നിട്ടുണ്ട്.

ഇസ്രഈല്‍ ഭരണകൂടം ഫലസ്തീനില്‍ 13,000ത്തിലധികം ആളുകളെ കൊലപ്പെടുത്തുകയും അധിനിവേശം നടത്തുകയും ചെയ്യുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്നുള്ള ഇറാന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ബ്രിക്‌സ് ഉച്ചകോടി സംഘടിപ്പിച്ചത്.

Content Highlight: Iran President wants BRICS to take action against Israel

We use cookies to give you the best possible experience. Learn more