| Wednesday, 14th June 2023, 10:58 am

'ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം തന്ത്രപ്രധാനം'; ഇറാന്‍ പ്രസിഡന്റിന്റെ ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കറാക്കസ്: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിന് തുടക്കം. രാഷ്ട്രീയവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോട് കൂടിയാണ് സന്ദര്‍ശനം നടത്തുന്നത്.

യാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസം വെനസ്വലേയാണ് റൈസി സന്ദര്‍ശിച്ചത്. പ്രസിഡന്റ് നിക്കോളാസ് മദൂറോയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, ഇരു രാജ്യങ്ങള്‍ക്കും പൊതുവായ ശത്രുവാണുള്ളതെന്ന് അമേരിക്കയെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മദൂറോ ഇറാനിലെത്തി റെയ്‌സിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവിടെ വെച്ച് ആയത്തുള്ള അലി ഖമേനിയുമായുള്ള ചര്‍ച്ചയില്‍ 20 വര്‍ഷത്തെ സഹകരണ പദ്ധതിയില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചിരുന്നു. എണ്ണ, പെട്രോ കെമിക്കല്‍ വ്യവസായങ്ങളിലും സൈനിക, സാമ്പത്തിക മേഖലകളിലും സഹകരണത്തിന് കരാര്‍ ഒപ്പുവെച്ചിരുന്നു. എന്നാല്‍, ഇതില്‍ ചില കരാറുകള്‍ മാത്രമാണ് യാഥാര്‍ഥ്യമായത്. അമേരിക്കയുടെ സാമ്പത്തിക ഉപരോധം നേരിടുന്ന രാജ്യങ്ങളാണ് ലാറ്റിനമേരിക്കയും ഇറാനും.

‘ഇറാനും ലാറ്റിനമേരിക്കയും തമ്മിലുള്ള ബന്ധം ഇനിയും സാധാരണ നിലയിലായിട്ടില്ലെങ്കിലും തന്ത്രപ്രധാനമാണ്. സാമ്രാജ്യത്വത്തിനും ഏകപക്ഷീയതയ്ക്കുമെതിരെ നിലക്കൊള്ളുക എന്നതാണ് ഞങ്ങളുടെയും ഈ മൂന്ന് രാജ്യങ്ങളുടെയും നിലപാട്,’ യാത്ര പുറപ്പെടുന്നതിന് മുമ്പേ റൈസി പറഞ്ഞു.

ജോ ബൈഡന്റെ നേതൃത്വത്തിലുള്ള അമേരിക്കന്‍ ഭരണകൂടവുമായി ഏറ്റുമുട്ടല്‍ ശക്തമാകുന്നതിനിടയിലാണ് വെനസ്വലേ, ക്യൂബ, നിക്കരാഗ്വ എന്നിവിടങ്ങളിലെ റൈസിയുടെ സന്ദര്‍ശനം. സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു. വെനസ്വലേയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്, ഇറാനിലേക്ക് കന്നുകാലികളെ ഇറക്കുമതി ചെയ്യല്‍ തുടങ്ങിയവ കരാറുകളില്‍ ഉള്‍പ്പെടുന്നു.

കൃഷി, ശാസ്ത്ര സാങ്കേതിക വിദ്യ, ഷിപ്പിങ്ങ്, ഓട്ടോമോട്ടീവ്, ടൂറിസം മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുക, വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുക, സാംസ്‌കാരിക ബന്ധം ശക്തിപ്പെടുത്തുക തുടങ്ങിയവയും ഇരുരാജ്യങ്ങളുടെയും ലക്ഷ്യമാണ്.

അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇബ്രാഹിം റെയ്‌സി ലാറ്റിനമേരിക്കയിലെത്തിയതെന്ന് ഇറാന്‍ സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. പ്രസിഡന്റായതിന് ശേഷം 21 മാസത്തിനിടെ റൈസി നടത്തുന്ന 13ാമത്തെ വിദേശ യാത്രയാണിതെന്ന് അല്‍ ജസീറ റിപ്പോർട്ട് ചെയ്തു.

വിദേശകാര്യം, പെട്രോളിയം, പ്രതിരോധം, ആരോഗ്യം എന്നീ വകുപ്പുകളുടെ മന്ത്രിമാരും ഇബ്രാഹിം റൈസിയെ അനുഗമിക്കുന്നുണ്ട്.

CONTENT HIGHLIGHT: IRAN PRESIDENT VISIT LATIN AMERICA

We use cookies to give you the best possible experience. Learn more