| Friday, 8th January 2021, 11:23 am

'ഇതാണ് പാശ്ചാത്യ ജനാധിപത്യം'; സാത്താനല്ല മഹാനാണ് അമേരിക്ക; ക്യാപിറ്റോളില്‍ അളന്നുമുറിച്ച വിമര്‍ശനവുമായി റുഹാനി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: യു.എസ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുയായികള്‍ അഴിച്ചുവിട്ട ആക്രമണം പാശ്ചാത്യ ജനാധിപത്യം എത്രത്തോളം ദുര്‍ബലമാണെന്ന് തുറന്നുകാട്ടിയെന്ന് ഇറാന്‍ പ്രധാനമന്ത്രി ഹസന്‍ റുഹാനി.

സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്ത പ്രസംഗത്തിലൂടെയായിരുന്നു ഇറാനെതിരെ നിരന്തരമായി ആക്രമണങ്ങള്‍ നടത്തുകയും ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്ത ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹസന്‍ റുഹാനിയും രംഗത്തെത്തിയത്. അതേസമയം അമേരിക്കയ്‌ക്കെതിരെ അളന്നുമുറിച്ച വിമര്‍ശനമാണ് റുഹാനി നടത്തിയത്.

ശാസ്ത്ത്രിലും വ്യവസായ മേഖലയിലുമെല്ലാം കൈവരിച്ച പുരോഗതിക്കപ്പുറം എത്രത്തോളം ഭൂരിപക്ഷ മേധാവിത്വമുണ്ട് അമേരിക്കയിലെന്ന് കഴിഞ്ഞ ദിവസത്തെ സംഭവങ്ങള്‍ വെളിപ്പെടുത്തി. ഇതില്‍ നിന്നും ഈ ലോകവും അമേരിക്കയില്‍ ഇനി വരാനിരിക്കുന്ന സര്‍ക്കാരുകളും പാഠം പഠിക്കുമെന്ന് ഞാന്‍ കരുതുന്നു,” ഹസന്‍ റുഹാനി പറഞ്ഞു.

ട്രംപ് ഭരണത്തിലെ നയങ്ങളില്‍ നിന്നും വരാനിരിക്കുന്ന ബൈഡന്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും റുഹാനി പറഞ്ഞു. അമേരിക്ക ഒരു മഹത്തായ രാഷ്ട്രമാണെന്നും ഇറാന്‍ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

”പുതിയ അമേരിക്കന്‍ ഭരണകൂടം പഴയ ഭരണകൂടം ചെയ്ത കാര്യങ്ങള്‍ നീക്കി അമേരിക്കയുടെ പഴയകാല സ്ഥാനം തിരിച്ചുപിടിക്കണം. എന്തെന്നാല്‍ അമേരിക്ക ഒരു മഹത്തായ രാജ്യമാണ്,”

അമേരിക്കയെ ഗ്രേറ്റ് സാത്താന്‍ എന്ന് നിരന്തരം വിളിക്കുന്ന ഹസന്‍ റുഹാനി ഗ്രേറ്റ് അമേരിക്ക എന്നു പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇതിന് മുന്‍പും ഗ്രേറ്റ് അമേരിക്ക എന്ന പദം അദ്ദേഹം ഉപയോഗിച്ചിരുന്നു.

ബൈഡന്‍ അധികാരത്തിലെത്തിയാല്‍ ഇറാനുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുമെന്നും ഉപരോധം നീക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അനുകൂല നയം സ്വീകരിക്കുമെന്നുമാണ് ഇറാന്‍ കരുതുന്നത്. ട്രംപ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഒരു ഒപ്പിട്ടാല്‍ മതി അമേരിക്കയ്ക്ക് ആണവകരാറില്‍ തിരികെയെത്താമെന്നും റുഹാനി പറഞ്ഞിരുന്നു.

ഇറാനുമായുള്ള ആണവകരാറില്‍ തിരികെയെത്തുമെന്ന സൂചന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും സൂചിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം ക്യാപിറ്റോള്‍ മന്ദിരത്തില്‍ നടന്ന ആക്രമണത്തില്‍ അമേരിക്കയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

തികച്ചും അപമാനകരമായ കാര്യങ്ങളാണ് അമേരിക്കയില്‍ നടക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞിരുന്നു.
” അമേരിക്ക ജനാധിപത്യത്തിന് പ്രധാന്യം നല്‍കുന്ന രാജ്യമാണ്. ലോകത്തിന് മുന്നിലും അത് അത്തരത്തില്‍ തന്നെയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് സമാധാനപരമായി അധികാരകൈമാറ്റം ഉണ്ടാകേണ്ടതുണ്ട്,” അദ്ദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ സ്ഥാപനത്തിന് നേരെയുള്ള ആക്രമണം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. അത് അപലപിക്കുന്നു. അമേരിക്കന്‍ ജനങ്ങളുടെ ആഗ്രഹവും വോട്ടും വിലക്കെടുക്കണം,” എന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തത്.

ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബെര്‍ഗ് അഭിപ്രായപ്പെട്ടിരുന്നു.

‘അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട റിപ്പേര്‍ട്ടുകള്‍ കണ്ടു. അമേരിക്കയുടെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. ഈ സംഘര്‍ഷം നിറഞ്ഞ സാഹചര്യം ജോ ബൈഡന്‍ അതിജീവിക്കും,” എന്നാണ് സ്പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞത്.

പോളണ്ട് വിദേശകാര്യമന്ത്രി റാഡെക് സിക്രോസ്‌കി അമേരിക്കന്‍ ക്യാബിനറ്റ് ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം ഡൊണാള്‍ഡ് ട്രംപിന്റെ അധികാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Iran President Says Western Democracy “Fragile” After US Capitol Siege

We use cookies to give you the best possible experience. Learn more