അമേരിക്ക 'സാത്താന്‍' തന്നെ; ജോ ബൈഡന്‍ ഇറാനില്‍ അരാജകത്വവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നു: ഇബ്രാഹിം റെയ്‌സി
World News
അമേരിക്ക 'സാത്താന്‍' തന്നെ; ജോ ബൈഡന്‍ ഇറാനില്‍ അരാജകത്വവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നു: ഇബ്രാഹിം റെയ്‌സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th October 2022, 2:14 pm

ടെഹ്‌റാന്‍: രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് കാരണം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി. മറ്റൊരു രാജ്യത്തിന്റെ നാശത്തിന് ഊര്‍ജ്ജമാകുന്ന തരത്തില്‍ അരാജകത്വവും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നതാണ് ജോ ബൈഡന്റെ പരാമര്‍ശങ്ങളെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അമേരിക്കയെ സാത്താനെന്ന് വിശേഷിപ്പിച്ച ഇസ്‌ലാമിക് റിപ്പബ്ലിക് സ്ഥാപകനും ഇറാന്റെ പരമോന്നത നേതാവുമായ ആയത്തൊള്ള അലി ഖമനയിയുടെ വാക്കുകള്‍ ഓര്‍മ്മപ്പെടുത്തുന്നതാണ് അമേരിക്കയുടെ പ്രവര്‍ത്തികളെന്നും ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ചൂണ്ടിക്കാണിച്ചു.

‘അരാജകത്വവും ഭീകരതയും മറ്റൊരു രാജ്യത്തിന്റെ നാശവും ഉത്തേജിപ്പിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ അമേരിക്കയെ മഹാനായ ‘സാത്താന്‍’ എന്ന് വിളിച്ച ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകന്റെ വാക്കുകളുടെ ഓര്‍മപ്പെടുത്തലാണ്,’ റെയ്‌സി പറഞ്ഞു.

ശത്രുവിന്റെ ഗൂഡാലോചന മികച്ച രീതിയില്‍ എതിര്‍ത്തുകൊണ്ട് രാജ്യത്തെ ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങളിലാണുള്ളതെന്നും മഹ്‌സ അമീനിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചുകൊണ്ട് റെയ്‌സി കൂട്ടിച്ചേര്‍ത്തു.

രാജ്യവ്യാപകമായി നടക്കുന്ന ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇറാനെ ചൊടിപ്പിച്ചത്.

രാജ്യത്തെ പൗരന്മാര്‍ക്കും ധീരയായ സ്ത്രീകള്‍ക്കും ഒപ്പമാണുള്ളതെന്നാണ് ഇറാനിലെ പ്രതിഷേധങ്ങളേക്കുറിച്ച് വെള്ളിയാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചത്. ഇറാന്‍ സേന പ്രതിഷേധക്കാരെ ക്രൂരമായി അടിച്ചമര്‍ത്തിയതിന് പിന്നാലെ അമേരിക്ക ഇറാനെതിരെ പുതിയ ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് യു.എസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസും കഴിഞ്ഞ ദിവസം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇറാന്‍ സ്വദേശിനിയായ ബ്രിട്ടിഷ് നടിയും ആക്ടിവിസ്റ്റുമായ നസാനിന്‍ ബോണിയാഡിയെ സന്ദര്‍ശിച്ചാണ് കമല തന്റെയും യു.എസിന്റെയും പിന്തുണ അറിയിച്ചത്.

22കാരിയായ മഹ്‌സ അമിനിയെ ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിക്കാത്തതിനാണ് സെപ്റ്റംബര്‍ 13ന് ഇറാന്‍ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്തത്. ടെഹ്‌റാനിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെയായിരുന്നു അമിനിയുടെ അറസ്റ്റ്. മൂന്ന് ദിവസത്തിന് ശേഷം സെപ്റ്റംബര്‍ 16ന് അമിനി പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെടുകയായിരുന്നു.

പിന്നാലെ അമിനിയുടെ മരണത്തില്‍ പ്രതിഷേധിച്ച് സ്ത്രീകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുകയും പ്രതിഷേധ സൂചകമായി തങ്ങളുടെ തലയില്‍ നിന്നും ഹിജാബ് വലിച്ചൂരുകയും കത്തിക്കുകയും മുടി മുറിക്കുകയും ചെയ്തിരുന്നു.

രാജ്യത്താകമാനം നടക്കുന്ന പ്രതിഷേധ പരമ്പരകളേക്കുറിച്ച് ഇറാന്റെ ബദ്ധവൈരികളും അവരുടെ സഖ്യ കക്ഷികളും ചേര്‍ന്ന് എന്‍ജിനിയറിങ് ചെയ്ത കലാപമെന്നാണ് നേരത്തെ ആയത്തൊള്ള അലി ഖമനയി വിശേഷിപ്പിച്ചത്.

Content Highlight: Iran President Ebrahim Raisi Blames Joe Biden For In support of Anti-Hijab Protests