പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി 50 ശതമാനം വര്‍ധിപ്പിക്കാനൊരുങ്ങി ഇറാന്‍
World News
പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി 50 ശതമാനം വര്‍ധിപ്പിക്കാനൊരുങ്ങി ഇറാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th May 2024, 4:29 pm

ടെഹ്റാന്‍: പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതി 50 ശതമാനം വര്‍ധിപ്പിക്കാനൊരുങ്ങി ഇറാന്‍. തീരുമാനം പ്രതിരോധ ഉത്പന്നങ്ങളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും സായുധ സേനയുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും വേണ്ടിയാണെന്ന് ഇറാന്‍ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.

പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഇറാന്‍ വിജയിച്ചിട്ടുണ്ട്. നിലവില്‍ കയറ്റുമതി വിപണി വികസിപ്പിക്കുന്നതിലും രാജ്യത്തിന്റെ പ്രതിരോധ ഉത്പന്നങ്ങള്‍ വാങ്ങുന്നതിനായുള്ള അഭ്യര്‍ത്ഥനകളോട് പ്രതികരിക്കുന്നതിലുമാണ് ഇറാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ ബ്രിഗേഡിയര്‍ ജനറല്‍ റെസ തലായി നിക്ക് പറഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ ഇറാനിലെ സൈനിക വിദഗ്ധരും സാങ്കേതിക വിദഗ്ധരും തദ്ദേശീയ ഉപകരണങ്ങളുടെ നിര്‍മാണത്തില്‍ ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്.

ഇത് രാജ്യത്തിന്റെ സായുധ സേനയെ സ്വയംപര്യാപ്തമാക്കിയെന്നും തലായി നിക്ക് ചൂണ്ടിക്കാട്ടി. ഇറാനിയന്‍ സൈനിക ഉത്പ്പന്നങ്ങള്‍ ലോക രാജ്യങ്ങളില്‍ ആവശ്യക്കാരുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

പ്രതിരോധ വ്യവസായ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച 10 രാജ്യങ്ങളില്‍ ഇറാന്‍ ഉണ്ടെന്നും അടുത്തിടെ ഒരു അഭിമുഖത്തില്‍ തലായി നിക്ക് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം പ്രതിരോധത്തിന് വേണ്ടി രാജ്യത്തിന്റെ സൈനിക ശേഷി ശക്തിപ്പെടുത്താന്‍ മടിക്കില്ലെന്ന് ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം ഇറാനിലെ ചബഹാര്‍ ഷാഹിദ് തുറമുഖത്തിന്റെ നടത്തിപ്പിനായി ചൊവ്വാഴ്ച ഇന്ത്യയും ഇറാനും കരാര്‍ ഒപ്പിട്ടിരുന്നു. ആദ്യമായാണ് ഇന്ത്യ ഒരു വിദേശതുറമുഖത്തിന്റെ നടത്തിപ്പ് ചുമതല ഏറ്റെടുക്കുന്നത്.

എന്നാല്‍ ഇറാനെതിരെയുള്ള യു.എസ് ഉപരോധം നിലനില്‍ക്കവെയാണ് ഇന്ത്യയുടെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്.

ഇതിനെതിരെ യു.എസ് രംഗത്തെത്തിയിരുന്നു. ഇറാനുമായി ബിസിനസ്സ് ഇടപാടുകള്‍ നടത്തുന്നവര്‍ സ്വയം തുറക്കുന്ന അപകടസാധ്യതയെക്കുറിച്ചും ഉപരോധത്തിന്റെ സാധ്യതയെക്കുറിച്ചും അറിഞ്ഞിരിക്കണം എന്നാണ് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേല്‍ പറഞ്ഞത്.

Content Highlight: Iran plans to increase export of defense products by 50 percent