സമ്മർദം രൂക്ഷം; വിവാദ ഹിജാബ് നിയമം ഇറാൻ താത്കാലികമായി പിൻവലിച്ചു
World News
സമ്മർദം രൂക്ഷം; വിവാദ ഹിജാബ് നിയമം ഇറാൻ താത്കാലികമായി പിൻവലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th December 2024, 6:44 pm

ടെഹ്‌റാൻ: സമ്മർദം രൂക്ഷമായ സാഹചര്യത്തിൽ വെള്ളിയാഴ്ച പ്രാബല്യത്തിൽ വരാനിരുന്ന വിവാദപരമായ ‘ഹിജാബ്, ചാരിറ്റി നിയമം’ താത്കാലികമായി പിൻവലിച്ച് ഇറാൻ ഭരണകൂടം. നിയമത്തിനെതിരായ ആഭ്യന്തരവും അന്തർദേശീയവുമായ പ്രതിഷേധങ്ങൾ വർധിക്കുന്നതിനിടയിലാണ് ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഈ പിൻവലിയൽ.

ഹിജാബ് ആന്റ് ചാരിറ്റി നിയമത്തിൻ്റെ വിജ്ഞാപനവും നടപ്പാക്കലും നിർത്താൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൻ്റെ സെക്രട്ടേറിയറ്റ് പാർലമെൻ്റിന് കത്ത് നൽകി. നിയമത്തിൻ്റെ അനിശ്ചിതത്വങ്ങൾ നീക്കാൻ സർക്കാർ മറ്റൊരു ഭേദഗതി കൊണ്ടുവരാൻ പദ്ധതിയിട്ടതായി പാർലമെൻ്റിൻ്റെ അധ്യക്ഷ ബോർഡ് അംഗം അലിറേസ സലിമി ശനിയാഴ്ച വൈകി പ്രഖ്യാപിക്കുകയും ചെയ്തു.

മുടി, കൈത്തണ്ട, കാലുകൾ എന്നിവ പൂർണ്ണമായി മറക്കാത്ത സ്ത്രീകൾക്കും പെൺകുട്ടികൾക്കും പിഴ, 15 വർഷം വരെ നീണ്ട ജയിൽ ശിക്ഷ, അവരുടെ ബിസിനസുകൾ ബാൻ ചെയ്യൽ എന്നിവ ഉൾപ്പെടെ കർശനമായ ശിക്ഷകളാണ് ഈ നിയമം നിർദേശിച്ചത്. ആംനസ്റ്റി ഇൻ്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ നിയമത്തെ അപലപിച്ചിരുന്നു.

കഴിഞ്ഞയാഴ്ച പ്രശസ്ത ഗായക പരസ്തൂ അഹമ്മദി അറസ്റ്റിലായതിന് ശേഷമാണ് ഹിജാബ് ചർച്ചകൾ വീണ്ടും ശക്തമായത്. ഹിജാബ് ധരിക്കാതെ അഹമ്മദി യൂട്യൂബിൽ പാട്ട് പാടുന്നത് പങ്കുവെച്ചിരുന്നു. വീഡിയോ പെട്ടെന്ന് വൈറലായി. പിന്നാലെ അഹമ്മദിയെ ഇറാനിയൻ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് പൊതുജന രോഷത്തിന് കാരണമായി. വ്യാപക പ്രതിഷേധത്തെ തുടർന്ന് ഒരു ദിവസത്തിന് ശേഷം അധികൃതർ ഇവരെ വിട്ടയച്ചു.

ഡ്രസ് കോഡ് ലംഘിച്ചുവെന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിൽ മരിച്ച കുർദിഷ് യുവതി മഹ്സ അമിനിയുടെ മരണത്തെത്തുടർന്ന് 2022ൽ നടന്ന പ്രതിഷേധത്തിന് ശേഷം ഹിജാബിനെ ചുറ്റിപ്പറ്റിയുള്ള പ്രതിഷേധം വ്യാപകമായി ഉയർന്നിരുന്നു. അതിനുശേഷം, നിരവധി ഇറാനിയൻ യുവതികൾ ഗവൺമെൻ്റിൻ്റെ അധികാരത്തെ വെല്ലുവിളിച്ച് ഹിജാബ് നിയമങ്ങളെ പരസ്യമായി ലംഘിച്ചിരുന്നു.

Content Highlight: Iran pauses crackdown on strict hijab laws amid protests