ടെഹ്‌റാന്‍: ഇറാന്റെ പ്രധാന ആണവശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയതിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഇറാന്‍. ഇനി മുതല്‍ രാജ്യത്തിന്റെ ആണവ സൗകര്യങ്ങളെക്കുറിച്ചും പരീക്ഷണങ്ങളെക്കുറിച്ചും അന്തരാഷ്ട്ര തലത്തില്‍ നടക്കുന്ന മേല്‍നോട്ടവും നിരീക്ഷണവും അനുവദിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി.
ഇറാന്റെ ശാസ്ത്രജ്ഞര്‍ക്കു നേരെ തുടര്‍ച്ചയായി നടക്കുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് കണ്‍സേര്‍വേറ്റീവ് പാര്‍ലമെന്റ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
പാര്‍ലമെന്റിലെ എല്ലാ അംഗങ്ങളും സര്‍ക്കാരിന്റെ പ്രസ്താവനയ്ക്ക് പിന്തുണ നല്‍കി. വെള്ളിയാഴ്ച സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ ആണവശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫ്രക്രീസാദെയുടെ മരണത്തില്‍ സയണിസ്സ്റ്റ് ഗ്രൂപ്പുകളുടെ പങ്ക് വ്യക്തമാണെന്നും ഇറാന്‍ പറഞ്ഞു.
മൊഹ്‌സിന്‍ ഫക്രീസാദെയുടെ കൊലപാതകത്തിന് പിന്നില്‍ ഇസ്രഈല്‍ ആണെന്ന ആരോപണം തുടക്കം മുതല്‍ തന്നെ ഇറാന്‍ ഉന്നയിച്ചിരുന്നു.
പടിഞ്ഞാറന്‍ രാജ്യങ്ങളുമായി നടത്തുന്ന ചര്‍ച്ചകള്‍ ഇറാനെ സാധാരണ സംസ്ഥാനമാക്കി മാറ്റുമെന്ന് വിശ്വസിക്കുന്നതാണ് ഇസ്രഈലിനെ ആക്രമണങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നും അതിനാല്‍ ഇത്തരം ചര്‍ച്ചകളില്‍ നിന്ന് രാജ്യം വിട്ടു നില്‍ക്കുകയാണെന്നും ഇറാന്‍ പാര്‍ലമെന്റ് പുറത്തിറക്കിയ പത്ര പ്രസ്താവനയില്‍ പറയുന്നു.
ഇറാനില്‍ പത്ത് വര്‍ഷത്തിനിടെ അഞ്ച് ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടത്. ഈ ഘട്ടങ്ങളിലെല്ലാം ഇസ്രഈലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
2015ലെ സുപ്രധാനമായ ഒരു ഉടമ്പടിയില്‍ ഇറാന്‍ തങ്ങളുടെ ആണവ പദ്ധതികള്‍ കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തിനെതിരായി തുടര്‍ച്ചയായി വന്ന ഉപരോധത്തിനൊടുവിലാണ് ആണപദ്ധതികള്‍ കുറയ്ക്കാമെന്ന് ഇറാന്‍ വ്യക്തമാക്കിയത്.
ഇതിനിടെ ഇസ്രഈല്‍ ഇറാനെതിരെ ആക്രമണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ട് ദ മിഡില്‍ ഈസ്റ്റ് ഐ പുറത്തുവിട്ടതും ചര്‍ച്ചയായിരുന്നു. സൗദി അറേബ്യ, യു.എസ്, ഇസ്രഈല്‍ എന്നീ രാജ്യങ്ങള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇറാനെതിരെ നിലപാട് കടുപ്പിക്കണമെന്ന ആവശ്യം ഇസ്രഈല്‍ ഉയര്‍ത്തിയത്.
എന്നാല്‍ അമേരിക്കയില്‍ ഇനി ഉണ്ടാകാന്‍ പോകുന്ന ഭരണ മാറ്റത്തിന്റെ മുന്നോടിയായി ഇസ്രഈലിന്റെ ആവശ്യത്തോട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വിയോജിപ്പ് രേഖപ്പെടുത്തിയെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.