ടെഹ്റാന്‍: ഇറാന്‍-ഇസ്രഈല്‍ സംഘര്‍ഷത്തില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങള്‍ സ്വീകരിച്ച നിലപാടിനെതിരെ ഇറാന്‍. ഇസ്രഈലിനെതിരായ ആക്രമണത്തില്‍ മൂന്ന് രാജ്യങ്ങളുടെയും നിലപാട് നിരുത്തരവാദപരമാണെന്ന് ഇറാന്‍ പ്രതികരിച്ചു. നിലപാടില്‍ വിശദീകരണം തേടുന്നതിനായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി എന്നിവരുടെ അംബാസിഡര്‍മാരെ ഇറാന്‍ വിളിച്ചുവരുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെതിരെയുള്ള ഇസ്രഈല്‍ ആക്രമണത്തില്‍ അംബാസിഡര്‍മാരായ ഷെര്‍ക്ലിഫ്, നിക്കോളാസ് റോഷ്, ഹാന്‍സ്-ഉഡോ മുസല്‍ എന്നിവര്‍ നിരുത്തരവാദപരമായ വിശദീകരണങ്ങള്‍ നല്‍കിയതായി ഇറാന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഇസ്രഈല്‍ മനുഷ്യവിരുദ്ധ നടപടികളുടെ ഒരു പരമ്പര തന്നെ നടപ്പിലാക്കിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാല്‍ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളും ഇസ്രഈലിനെതിരായ ഇറാന്റെ ഡ്രോണാക്രമണത്തില്‍ അപലപിച്ചു. യൂറോപ്യന്‍ രാജ്യങ്ങളുടെ നിലപാട് ഇരട്ടത്താപ്പാണെന്നും ഇറാന്‍ ചൂണ്ടിക്കാട്ടി.
ഇസ്രഈലിന്റെ സൈനിക താവളങ്ങള്‍ക്കെതിരായ ഇറാന്റെ സൈനിക നടപടി ഐക്യരാഷ്ട്രസഭാ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51ല്‍ അനുശാസിക്കുന്ന നിയമാനുസൃതമായ പ്രതിരോധത്തിനുള്ള അവകാശത്തിന്റെ ചട്ടക്കൂടിനുള്ളിലാണെന്ന് ഇറാന്‍ വ്യക്തമാക്കി. സിറിയയിലെ തങ്ങളുടെ എംബസിക്ക് നേരെ ഇസ്രഈല്‍ നടത്തിയ ആക്രമണത്തിനുള്ള മറുപടിയാണ് നിലവിലെ സൈനിക നടപടിയെന്നും ഇറാന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇറാനെ ഇപ്പോള്‍ തിരിച്ചടിക്കേണ്ടെന്ന് ഇസ്രഈല്‍ യുദ്ധ കാബിനറ്റ് തീരുമാനിച്ചു. സമയമാകുമ്പോള്‍ ശക്തമായ മറുപടി നല്‍കുമെന്നാണ് ഇസ്രഈല്‍ പ്രതികരിച്ചത്. യുദ്ധ വ്യാപനത്തിന് ശ്രമിക്കരുതെന്ന് അമേരിക്ക ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
തിരിച്ചടിച്ചാല്‍ ഭയാനകമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് ഇറാന്‍ ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കിയിരുന്നത്. മൂന്ന് മണിക്കൂറോളമാണ് ഇസ്രഈല്‍ യുദ്ധ കാബിനറ്റ് അവരുടെ യോഗം തുടര്‍ന്നത്. ഇറാനെ തിരിച്ചടിക്കണോ എന്നത് മാത്രമാണ് കാബിനറ്റില്‍ ചര്‍ച്ചാവിഷയമായത്.
Content Highlight: Iran opposes the stance taken by Britain, France and Germany in the Iran-Israel conflict